Your Image Description Your Image Description
Your Image Alt Text

 

ലഖ്‌നൗ: ഐപിഎൽ സീസണിലെ ആദ്യ അർധ സെഞ്ചുറിയാണ് കഴിഞ്ഞ ദിവസം ധ്രുവ് ജുറൽ സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ 34 പന്തിൽ 52 റൺസുമായി ജുറൽ പുറത്താവാതെ നിൽക്കുകയായിരുന്നു. സഞ്ജുവിനൊപ്പം (33 പന്തിൽ 71) 121 റൺസാണ് ജുറൽ കൂട്ടിചേർത്തത്. വിജയത്തിൽ നിർണായകമായതും ഈ കൂട്ടുകെട്ട് തന്നെയായിരുന്നു. ഇരുവരുടേയും കരുത്തിൽ 197 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ മറികടക്കുകയായിരുന്നു ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം.

ഇപ്പോൾ ഫോമിലേക്ക് തിരിച്ചെത്താനായതിനെ കുറിച്ച് സംസാരിക്കുകയാണ് ജുറൽ. ബാറ്റിംഗിനിടെ സഞ്ജു നൽകിയ ഉപദേശം ഫലിച്ചുവെന്ന് ജുറൽ പറഞ്ഞു. യുവതാരത്തിന്റെ വാക്കുകൾ… ”എനിക്ക് മികച്ച തുടക്കം ലഭിച്ചു. പക്ഷേ എന്റെ ഷോട്ടുകൾ നേരെ ഫീൽഡർമാരിലേക്ക് പോയി. സഞ്ജു എന്നോട് ശാന്തനാകാൻ പറഞ്ഞു. ബുദ്ധിമുട്ടി ഷോട്ടുകൾ കളിക്കാതെ സമയമെടുക്കൂവെന്ന് സഞ്ജു പറഞ്ഞു. പിന്നീട് എനിക്ക് ഒരോവറിൽ 20 റൺസ് നേടാൻ സാധിച്ചു. അതാണ് എന്നെ മുന്നോട്ട് നയിച്ചതും. ഞാൻ എപ്പോഴും എന്റെ അച്ഛന് വേണ്ടിയാണ് കളിക്കുന്നത്. ടെസ്റ്റ് മത്സരത്തിലും അങ്ങനെ ആയിരുന്നു.” ജുറൽ പറഞ്ഞു.

മധ്യനിരയിൽ കളിക്കുന്നതിനെ കുറിച്ച് ജുറൽ പറഞ്ഞതിങ്ങനെ… ”എനിക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുമ്പോഴെല്ലാം മത്സരം പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ട്. മധ്യനിരയിൽ കളിക്കുന്നത് എപ്പോഴും അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. അവസാനം വരെ നിൽക്കാനും ടീമിനായി ഗെയിം പൂർത്തിയാക്കാനും ഞാൻ ആഗ്രഹിക്കാറുണ്ട്. നന്നായി പരിശീലനം നടത്താറുണ്ട്. ബാറ്റിംഗ് പവർ പ്ലേയിൽ സർക്കിളിന് പുറത്ത് രണ്ട് ഫീൽഡർമാർ മാത്രമേ ഉണ്ടാവൂ. എന്നാൽ മധ്യ ഓവറുകളിൽ പുറത്ത് അഞ്ച് ഫീൽഡർമാർ ഉള്ളതിനാൽ വിടവുകൾ കണ്ടെത്തി വലിയ ഹിറ്റുകൾ ഷോട്ടുകൾ കളിക്കേണ്ടിവരും.” ജുറൽ കൂട്ടിചർത്തു..
മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗ 197 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ രാജസ്ഥാൻ 19 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *