Your Image Description Your Image Description
Your Image Alt Text

മണ്ണടി : വെള്ളംകൊണ്ടുമാത്രം ഹൃദയം വിഭജിച്ച മണ്ണടിയും താഴത്തുകുളക്കടയും ഒരുപാലംകൊണ്ട് ഒന്നിക്കുന്നു. മണ്ണടി, താഴത്തുകുളക്കട ഗ്രാമങ്ങളുടെ ചിരകാല സ്വപ്നമായ ചെട്ടിയാരഴികത്ത് പാലം 21-ന് നാടിന് സമർപ്പിക്കും. വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനാകുന്ന സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും. വർഷങ്ങളായി ഈ രണ്ട്‌ പ്രദേശങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നെങ്കിലും ഒന്നുകിൽ കടത്ത്, അല്ലെങ്കിൽ കിലോമീറ്റർ ദൂരമുള്ള ഏനാത്ത് പാലം എന്നതായിരുന്നു പോക്കുവരവിനുള്ള ഏക ആശ്രയം. ഇതിന്‌ പരിഹാരമായിട്ടാണ് കല്ലടയാറിനുകുറുകെ പാലം നിർമിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11.44 കോടിയോളം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമാണം. കൊട്ടാരക്കര മുൻ എം.എൽ.എ. ഐഷാ പോറ്റിയുടെ വളരെ നാളത്ത ശ്രമഫലമായിട്ടാണ് ചെട്ടിയാരഴികത്ത് കടവ് പാലത്തിന് സർക്കാർ അനുമതി നൽകിയത്.

130.70 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിന്. 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലുമായി 1.50 മീറ്റർ നടപ്പാതയുമുണ്ട്. 32 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളും 29.75 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളുമായാണ് നിർമാണം. പാലത്തിലേക്കുള്ള കുളക്കടഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികൾ ഭൂരിഭാഗവും പൂർത്തിയായി. എന്നാൽ, മണ്ണടി ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികൾ പൂർത്തിയാകാനുണ്ട്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് താഴത്തു കുളക്കടയിൽ സംഘാടക സമിതി രൂപവത്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *