Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനയാനും ബൂത്തുതലം മുതൽ പാർട്ടിയെ സജ്ജമാക്കാനുമായി ബി.ജെ.പി.യുടെ രണ്ടുദിവസത്തെ ഉന്നതതല യോഗങ്ങൾ ശനിയാഴ്ച തുടങ്ങും. തദ്ദേശസ്ഥാപനങ്ങളുടെ ഭാരവാഹികൾ മുതൽ കേന്ദ്രനേതാക്കൾവരെ പങ്കെടുക്കുന്ന യോഗങ്ങളിൽ 11,500 പ്രതിനിധികൾ പങ്കെടുക്കും. യോഗത്തിൽ രാഷ്ട്രീയ-സാമ്പത്തിക പ്രമേയങ്ങൾ അവതരിപ്പിക്കും.

അയോധ്യയിലെ രാമക്ഷേത്ര നിർമാണം, മുത്തലാഖ് നിരോധനം, ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദത്തിന്റെ റദ്ദാക്കൽ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയപ്രമേയം പ്രധാനമന്ത്രിയെ അഭിനന്ദിക്കും. ധനമന്ത്രാലയം പുറത്തിറക്കിയ ധവളപത്രത്തിലെ പ്രധാന നിരീക്ഷണങ്ങൾ സാമ്പത്തിക പ്രമേയത്തിൽ ഇടംപിടിക്കും. ദേശീയ നിർവാഹക സമിതി യോഗം, ഭാരവാഹി യോഗം, ദേശീയ കൗൺസിൽ എന്നിവയാണ് ഡൽഹിയിൽ ചേരുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്നതിന് സമാനമായി വിപുലമായ യോഗങ്ങളാണ് ഇത്തവണയും സംഘടിപ്പിക്കുന്നത്.

ജി-20 ഉച്ചകോടിക്ക് വേദിയായ ഭാരത് മണ്ഡപത്തിൽ ശനിയാഴ്ച വൈകീട്ട് ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ ദേശീയ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. സംഘടനാ തിരഞ്ഞെടുപ്പ് ജൂണിലേക്ക് നീട്ടുന്നത് സംബന്ധിച്ച സാഹചര്യം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാനുള്ള പ്രമേയവും യോഗം പാസ്സാക്കുന്നുണ്ട്. ദേശീയ നിർവാഹക സമിതിയംഗങ്ങൾ, ദേശീയ കൗൺസിൽ അംഗങ്ങൾ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ജില്ലാ ചുമതലക്കാർ, ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ളവർ, ക്ലസ്റ്റർ ഇൻ ചാർജ്, ലോക്‌സഭാ മണ്ഡലം കൺവീനർമാർ തുടങ്ങിയവർ പ്രതിനിധികളാകും.

Leave a Reply

Your email address will not be published. Required fields are marked *