Your Image Description Your Image Description
Your Image Alt Text

കാര്‍ഷിക- കായിക – ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ബജറ്റ്. 21 കോടി 18 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന സമഗ്ര വികസനം ലക്ഷ്യമിടുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നെല്‍കൃഷി കൂലി സബ്‌സിഡി, സമഗ്ര പുരയിട കൃഷി, കുരുമുളക്, തെങ്ങ്, കാപ്പി, ഫാഷന്‍ ഫ്രൂട്ട് എന്നിവയുടെ തൈ വിതരണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. 2 കോടി അനുവദിച്ച വെള്ളംപാടി ഇറിഗേഷന്‍ പദ്ധതി 2024-25 ല്‍ നടപ്പിലാക്കും. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് അധിക വില, തീറ്റപ്പുല്‍ കൃഷി, കറവ യന്ത്ര വിതരണം തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ദാരിദ്ര്യ ലഘൂകരണത്തിനായി ഭവന പദ്ധതികള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്സിഡി എന്നിവ നടപ്പാക്കും. കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് 1.72 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം, മന്ദലം സബ് സെന്ററിന് 52 ലക്ഷം രൂപയുടെ പുതിയ കെട്ടിട നിര്‍മ്മാണം. വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ പ്രത്യേക ചികിത്സ പദ്ധതികള്‍, ഈരംകൊല്ലി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പഞ്ചകര്‍മ്മ ചികിത്സ പദ്ധതി തുടങ്ങിയവയും ഈ വര്‍ഷം ലക്ഷ്യമിടുന്നു.

ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിശപ്പു രഹിത കോട്ടത്തറ, ജനകീയ ഹോട്ടല്‍ ഈ വര്‍ഷവും തുടരും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ സേവനവും ലഭ്യമാക്കും. കായിക മേഖലയില്‍ ആര്‍ച്ചറി അക്കാദമി, ചെസ്റ്റ് അക്കാദമി എന്നിവ സ്ഥാപിക്കും. കുട്ടികള്‍ക്കായി ഫുട്‌ബോള്‍, വോളിബോള്‍ പരിശീലന ക്യാമ്പുകള്‍ ആരംഭിക്കും.

വനിതകള്‍ക്കായി തൊഴില്‍ പരിശീലനം, ഉല്‍പാദന മേഖലയിലെ സംരംഭങ്ങള്‍ തുടങ്ങിയവ ആരംഭിക്കും. അനുവദിക്കപ്പെട്ട വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കോട്ടത്തറ ചീരകത്ത് 3 കോടിയുടെ ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തി ആരംഭിക്കും. വെണ്ണിയോട് കൊളവയലില്‍ ആധുനിക രീതിയിലുള്ള ശ്മശാനം, ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടുകൂടി പഞ്ചായത്ത് ഓഫീസിന് മുകളിലായി ആധുനിക രീതിയിലുള്ള ഓഡിറ്റോറിയം നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിക്കും. ടൂറിസം പദ്ധതിയുടെ ഭാഗമായി വെണ്ണിയോട് വലിയ പുഴയില്‍ ചങ്ങാട സവാരി ആരംഭിക്കും.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ.പി.എ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഹണി ജോസ്, പി.എസ് അനുപമ, ഇ.കെവസന്ത, മെമ്പര്‍മാരായ സുരേഷ് മാസ്റ്റര്‍, മുരളിദാസന്‍,ബിന്ദു മാധവന്‍, സംഗീത് സോമന്‍, അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, ആന്റണി ജോര്‍ജ്ജ്, പുഷ്പ സുന്ദരന്‍,സെക്രട്ടറി കെ.എ മിനി, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *