Your Image Description Your Image Description
Your Image Alt Text

വികസനക്ഷേമ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വാര്‍ഷത്തെ ബജറ്റ് അവതരണം  ബ്ലോക്ക്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 43.28 കോടി രൂപ  വരവും 43.28 കോടി രൂപ ചെലവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ  ബജറ്റ് അവതരിപ്പിച്ചു.

സാമൂഹ്യ സുരക്ഷയ്ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന, കാര്‍ഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, കുടിവെള്ള മേഖലകള്‍ക്ക്  മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്. വനിതകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് വരുമാനദായക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കാര്‍ഷിക മേഖലയ്ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി ലഹരി വിരുദ്ധ സമഗ്ര പരിപാടിയായ മുക്തധാര പദ്ധതിക്കും പെണ്‍കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന അനീമിയ രോഗനിര്‍ണ്ണയത്തിനും ബോധവത്കരണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സുഷാമൃതം പദ്ധതിക്കും ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് സുകൃതം പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ വികസനത്തിനായി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മാണം, നൈപുണ്യ വികസന പരിശീലനം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധനസഹായം, കോളനി റോഡ് കോണ്‍ക്രീറ്റിംഗ്, റീ-ടാറിംഗ് എന്നിവയ്ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും മൊബൈല്‍ ലാബോറട്ടറി സംവിധാനം ഒരുക്കുന്നതിനുമായി ജീവതാളം പദ്ധതി ആരംഭിക്കുന്നതിനായി ബജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആതിര ജയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി.തോമസ്,ഡിവിഷന്‍ മെമ്പര്‍മാരായ വി.ജി ശ്രീവിദ്യ, പി.വി അന്നമ്മ, സാറാമ്മ ഷാജന്‍, ജിജി ചെറിയാന്‍ മാത്യൂ, അഭിലാഷ് വിശ്വനാഥ്, കലാ അജിത്ത് എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *