Your Image Description Your Image Description
Your Image Alt Text

ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കണമെങ്കില്‍ പ്രാഥമികമായി നാം ഭക്ഷണകാര്യങ്ങളില്‍ തന്നെ ശ്രദ്ധിച്ചാല്‍ മതിയാകും. ചില ഭക്ഷണങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ ക്രമേണ ദോഷകരമായി ബാധിക്കാറുണ്ട്. അതേസമയം മറ്റ് ചില ഭക്ഷണങ്ങളാകട്ടെ ചര്‍മ്മത്തിന് ഗുണകരമായും വരും.

ഇത്തരത്തില്‍ ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ പതിവായി കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ ഡയറ്റിലുള്‍പ്പെടുത്തി നോക്കിയതിന് ശേഷം മാറ്റങ്ങള്‍ നിരീക്ഷിക്കാവുന്നതാണ്.

ഒന്ന്…

നല്ലതുപോലെ കൊഴുപ്പടങ്ങിയ മീൻ കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. സാല്‍മണ്‍, അയല, ചാള എന്നിങ്ങനെയുള്ള മീനുകള്‍ ഇതിന് ഉദാഹരണമാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ് ചര്‍മ്മത്തിന് ഗണകരമാകുന്നത്. ഒമേഗ 3 ഫാറ്റി ആസിഡില്‍ കുറവ് നേരിടുന്നവര്‍ ക്രമേണ ഡ്രൈ സ്കിൻ പോലുള്ള സ്കിൻ പ്രശ്നങ്ങളും നേരിടാം.

രണ്ട്…

മധുരക്കിഴങ്ങും ചര്‍മ്മത്തിന് വളരെ ഗുണകരമാകുന്നൊരു വിഭവമാണ്. വിവിധ സസ്യാഹാരങ്ങളില്‍ നിന്ന് കിട്ടുന്ന ബീറ്റ കെരോട്ടിൻ എന്ന പദാര്‍ത്ഥം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. മധുരക്കിഴങ്ങിന്‍റെ കാര്യവും അങ്ങനെ തന്നെ. ഓറഞ്ച്, ചീര, ക്യാരറ്റ് എന്നിങ്ങനെയുള്ള ഭക്ഷണസാധനങ്ങളിലും ബീറ്റ കെരോട്ടിൻ നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു.

മൂന്ന്…

വാള്‍നട്ട്സ് ആണ് അടുത്തതായി ചര്‍മ്മത്തിന് വേണ്ടി നിര്‍ബന്ധമായും കഴിക്കേണ്ട മറ്റൊരു ഭക്ഷണം. വിവിധ ഫാറ്റി ആസിഡുകളുടെ സ്രോതസാണ് വാള്‍നട്ടസ്. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ടതാണ്. എന്നാല്‍ ഇവ അമിതമാകാതെ പ്രത്യേകം നോക്കണം. അമിതമായാല്‍ ഫലം പ്രതികൂലമാകാം.

നാല്…

അവക്കാഡോയും ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനുമായി കഴിക്കാവുന്നൊരു വിഭവമാണ്. അവക്കാഡോയിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പാണ് ചര്‍മ്മത്തിന് പ്രയോജനപ്രദമാകുന്നത്.

അഞ്ച്…

തക്കാളിയും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. തക്കാളി കഴിക്കുക മാത്രമല്ല, തക്കാളി മുഖത്ത് തേക്കുന്നവരും ഏറെയുണ്ട്. തക്കാളിയിലുള്ള ലൈസോപീൻ, വൈറ്റമിൻ-സി എന്നിവയാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കാൻ സഹായിക്കുന്നത്. സൂര്യന്‍റെ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നുണ്ടാകുന്ന കേടുപാടുകളടക്കം പരിഹരിക്കാൻ തക്കാളി സഹായിക്കുന്നു. ചര്‍മ്മത്തില്‍ വീഴുന്ന ചുളിവുകളകറ്റാനും തക്കാളി നല്ലതുതന്നെ.

ആറ്…

ബ്രൊക്കോളിയാണ് അടുത്തതായി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാവുന്ന മറ്റൊരു വിഭവം. വൈറ്റമിൻ-എ, വൈറ്റമിൻ-സി, സിങ്ക് എന്നിവയാലെല്ലാം സമ്പന്നമാണ് ബ്രൊക്കോളി. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യവും തിളക്കവും കൂട്ടാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *