Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം പന്തെടുക്കും. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റവുമായിട്ടാണ് ഇറങ്ങിയത്. മുംബൈ നിരയില്‍ ജെറാള്‍ഡ് കോട്‌സ്വീക്ക് പകരം ലൂക്ക് വുഡ് കളിക്കും. ഡല്‍ഹി നിരയില്‍ പൃഥ്വി ഷാ പുറത്തിരിക്കും. പകരം കുമാര്‍ കുഷാഗ്രയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, നെഹാല്‍ വധേര, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, പിയൂഷ് ചൗള, ലൂക്ക് വുഡ്, ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര.

ഡല്‍ഹി കാപിറ്റല്‍സ്: ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കുമാര്‍ കുഷാഗ്ര, ഷായ് ഹോപ്പ്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറെല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ലിസാദ് വില്യംസ്, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.

ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് ആറ് പോയിന്റാണുള്ളത്. അഞ്ച് തോല്‍വിയും മൂന്ന് ജയവും. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ. എട്ട് പോയിന്റുമായി ടേബിളില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി. ഈ സീസണില്‍ ഇതിന് മുന്‍പ് മുംബൈയോട് ഏറ്റുമുട്ടിയപ്പോള്‍ 29 റണ്‍സിന്റെ പരാജയം നേരിട്ടിരുന്നു ഡല്‍ഹി. അവസാനം ഗുജറാത്തിനോട് ഏറ്റുമുട്ടിയപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത നായകന്‍ റിഷഭ് പന്തിലാണ് ഡല്‍ഹിയുടെ പ്രതീക്ഷകളേറെയും. 342 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മുന്നിലുണ്ട് ഡല്‍ഹി നായകന്‍.

അതേസമയം, ഡല്‍ഹിക്കെതിരെ ജയിക്കാനായില്ലെങ്കില്‍ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങും. അവസാനം കളിച്ച മത്സരത്തില്‍ രാജസ്ഥാനോടേറ്റ ദയനീയ തോല്‍വിയില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും തിരിച്ചുവരണം. രോഹിതും ഇഷാനും മികച്ച തുടക്കം നല്‍കിയില്ലെങ്കില്‍ മുംബൈയുടെ ബാറ്റിംഗ് നിര പതറുന്നതാണ് വെല്ലുവിളി. സൂര്യകുമാറിനും ടിം ഡേവിഡിനും സ്ഥിരത നിലനിര്‍ത്താനാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *