Your Image Description Your Image Description
Your Image Alt Text

 

മുംബൈ: ഐപിഎല്ലില്‍ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ആരാധകരെ നിരാശരാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ടീം അംഗങ്ങളോടുള്ള ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം സമീപനത്തിനെതിരെ സീനിയര്‍ താരങ്ങള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടീം മാനേജ്മെന്‍റിനോട് പരാതി പറഞ്ഞുവെന്ന് ടീമിനോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രോഹിത്തിന് പുറമെ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളാണ് ടീം മാനേജ്മെന്‍റിനോട് പരാതിപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള പരാതികളും ടീമിന്‍റെ മോശം പ്രകടനത്തിനുള്ള കാരണങ്ങളും ടീമിനെ എങ്ങനെയാണ് മുന്നോട്ട് നയിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ഇവര്‍ മാനേജ്മെന്‍റിന് മുന്നില്‍വെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുശേഷം ടീം മാനേജ്മെന്‍റ് പ്രതിനിധികള്‍ സീനിയര്‍ താരങ്ങളെ ഓരോരുത്തരെയുംവ്യക്തിപരമായി കണ്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്കുശേഷം ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ യുവതാരം തിലക് വര്‍മയെ കുറ്റപ്പെടുത്തി സംസാരിച്ചതും ടീം അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അക്സര്‍ പട്ടേൽ പന്തെറിയുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ഇടം കൈയന്‍ ബാറ്റർ ആക്രമിച്ചു കളിക്കേണ്ടതായിരുന്നുവെന്നും കളിയെക്കുറിച്ച് കുറച്ച് ധാരണയുള്ളവര്‍ ചെയ്യുന്ന കാര്യമായിട്ടും തങ്ങള്‍ക്കത് ചെയ്യാനായില്ലെന്നും മത്സരശേഷം ഹാര്‍ദ്ദിക് തിലക് വര്‍മയുടെ പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തിയിരുന്നു. അതാണ് മത്സരത്തിലെ തോല്‍വിക്ക് കാരണമെന്നും ഹാര്‍ദ്ദിക് പറഞ്ഞിരുന്നു.

ഇതും ടീം അംഗങ്ങളെ ചൊടിപ്പിച്ചുവെന്നും ഇതിനെക്കുറിച്ചും ടീം അംഗങ്ങള്‍ മാനേജ്മെന്‍റിനോട് പരാതി പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്ലില്‍ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോല്‍പ്പിച്ചതോടെയാണ് പ്ലേ ഓഫിലെത്താനുള്ള മുംബൈയുടെ നേരിയ സാധ്യത പോലും അടഞ്ഞത്. 12 മത്സരങ്ങലില്‍ എട്ട് പോയന്‍റുള്ള മുംബൈക്ക് ഇനി ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും പരമാവധി 12 പോയന്‍റ് മാത്രമെ നേടാനാവൂ

Leave a Reply

Your email address will not be published. Required fields are marked *