Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നുവെന്ന് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം. മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണം. ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്നും പി ചിദംബരം പറഞ്ഞു. ഏപ്രില്‍ 19 മുതൽ ബിജെപി ക്യാംപില്‍ മാറ്റമാണ് കാണുന്നതെന്നും പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും ചിദംബരം പരിഹസിച്ചു.

അതേസമയം, നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. തുടർഘട്ടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിക്കും. യു പിയിലെ നിർണായകമായ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. കേരളത്തിലെയും വയനാട് മണ്ഡലത്തിലെയും പോളിംഗ് കഴിഞ്ഞ സാഹചര്യത്തിൽ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തുമെന്നാണ് സൂചന. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നു. പ്രിയങ്ക മത്സരിച്ചാല്‍ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ ബി ജെ പി പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്ളും ശക്തമായിട്ടുണ്ട്. എന്നാൽ ഇതിനോട് വരുൺ എങ്ങനെ പ്രതികരിക്കും എന്നതും കണ്ടറിയണം. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബേറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന സമ്മര്‍ദ്ദം കോൺഗ്രസിനുള്ളിൽ ശക്തമാണ്. വയനാട്ടില്‍ നിന്ന് അങ്ങനെയെങ്കില്‍ രാഹുലിന്‍റെ യാത്ര അമേഠിയിലേക്കായിരിക്കും. റായ്ബറേലിയില്‍ മത്സരിക്കാന്‍ ഇരുവരും താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് മാനേജരും ഉത്തര്‍പ്രേദശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമൊക്കെയായിരുന്ന പ്രിയങ്കക്കാണ് മണ്ഡലം കൂടുതല്‍ പരിചിതമെന്നാണ് വിലയിരുത്തല്‍. റായ്ബറേലി സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

മെയ് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. രണ്ടിനോ മൂന്നിനോ ഇരുവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ആലോചനയെന്നും സൂചനയുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രാഹുലും പ്രിയങ്കയും അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചേക്കുമെന്ന പ്രചാരണവുമുണ്ട്. അടുത്ത മാസം ഇരുപതിനാണ് രണ്ടിടത്തും പോളിംഗ്. അമേഠിയില്‍ സ്മൃതി ഇറാനി പ്രചാരണത്തില്‍ മുന്‍പിലെത്തിയെങ്കില്‍ റായ്ബറേലിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപനത്തിനായി ബി ജെ പി കാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *