Your Image Description Your Image Description

രാജ്യത്ത് ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജല ബജറ്റ് തയ്യാറാക്കി നിയോജക മണ്ഡലതല ജല ബജറ്റിന് രൂപം നല്‍കിയ മണ്ഡലമായി തൃത്താല. തൃത്താല നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണം, കാര്‍ഷിക വികസനം, മാലിന്യ സംസ്‌കരണം, സുസ്ഥിര ഉപജീവനം എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ച സുസ്ഥിര തൃത്താല എന്ന സംയോജിത പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് ജല സംരക്ഷണം. മണ്ഡലത്തില്‍ ഭൂഗര്‍ഭ ജലവിതാനം അര്‍ദ്ധ ഗുരുതര (സെമി ക്രിട്ടിക്കല്‍) അവസ്ഥയിലാണ്. ജല ഉപഭോഗം ശാസ്ത്രീയമായി ക്രമീകരിച്ച് തൃത്താലയെ ജല സുരക്ഷ മണ്ഡലം ആക്കുന്നതിനുള്ള പ്രധാന പ്രവര്‍ത്തനമാണ് ജല ബജറ്റ് വിഭാവനം ചെയ്യുന്നത്.

ജല ബജറ്റിലെ കണ്ടെത്തലുകളുടെ തുടര്‍ച്ചയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായത്തോടുകൂടി  വരും വര്‍ഷങ്ങളില്‍ തൃത്താലയെ ജല സുരക്ഷാപ്രദേശം ആക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജലമിച്ചമാണ് കാണിക്കുന്നതെങ്കിലും സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ജല കമ്മി  മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ അനുഭവപ്പെടാറുണ്ട്. ഈ ജലക്കമ്മി പരിഹരിച്ച് ജല മിച്ച കാലമാക്കി ഈ മാസങ്ങളെ മാറ്റുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സൈതലവി പറഞ്ഞു.

എന്താണ് ജല ബജറ്റ്

ഒരു പ്രദേശത്തെ ജലലഭ്യതയും അതിന്റെ സുസ്ഥിരതയും വിശകലനം ചെയ്ത് ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയ അടിത്തറയാണ് ജലബജറ്റ്. ഒരു പ്രദേശത്ത് ഒഴുകിയെത്തുകയും അവിടെ നിന്ന് ഒഴുകിപോവുകയും ചെയ്യുന്ന ജലത്തിന്റെ അളവിനെ ആശ്രയിച്ചാണ് അവിടെ ശേഖരിക്കപ്പെടുന്ന ജലത്തിന്റെ അളവില്‍ വരുന്ന വ്യത്യാസം കണക്കാക്കുക. ഒരു പ്രദേശത്തെ ജല ലഭ്യതയും വിനിയോഗവും കണക്കാക്കി  ശാസ്ത്രീയമായി ജലത്തിന്റെ ഉപഭോഗം ക്രമീകരിക്കുന്നതിന് സഹായകമായ രേഖയാണ്  ജല ബജറ്റ്. ഹരിത കേരളം മിഷന്‍ നേതൃത്വത്തില്‍  തെരഞ്ഞെടുത്ത ബ്ലോക്കുകളില്‍ രാജ്യത്ത് ആദ്യമായി കഴിഞ്ഞവര്‍ഷം ജല ബജറ്റ് തയ്യാറാക്കിയിരുന്നു. ഓരോ ചെറുപ്രദേശത്തും ഒരു ചെറുകാലയളവില്‍ പെയ്തു കിട്ടുന്ന മഴവെള്ളം ഉള്‍പ്പെടെയുള്ള  ജല ലഭ്യതയും അവിടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ട ജലത്തിന്റെയളവും താരതമ്യം ചെയ്ത് ഓരോ സമയത്തും ജല മിച്ചമാണോ ജലക്കമ്മിയാണോ അനുഭവപ്പെടുന്നത് എന്ന് കണ്ടെത്തുന്ന പ്രവര്‍ത്തനമാണ് ജല ബജറ്റിലൂടെ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *