Your Image Description Your Image Description
Your Image Alt Text

പാലക്കാട് ജില്ലാ പഞ്ചായത്ത് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കരിമ്പുഴ പഞ്ചായത്തില്‍ ഗോവന്‍ മാതൃകയില്‍ ജലബന്ധാര നിർമ്മിക്കാൻ തീരുമാനമായി. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബന്ധാര ഡിസൈന്‍ ചെയ്യുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഐ.ഡി.ആര്‍.ബി വിഭാഗത്തെ ഏല്‍പിക്കുന്നതിനും സമയബന്ധിതമായി ഡിസൈന്‍ പൂര്‍ത്തീകരിച്ച് എസ്റ്റിമേറ്റ് എടുത്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കുന്നതിനും തീരുമാനിച്ചു.

ഗോവയില്‍ വ്യാപകമായിട്ടുള്ള ജലസേചന മാതൃകയാണ് ജലബന്ധാര. കുറഞ്ഞ നിര്‍മാണ ചെലവ്, കുറവ് നിര്‍മാണ സാമഗ്രികള്‍, കൂടുതല്‍ ജലം സംഭരിക്കാനുള്ള ശേഷി എന്നിവയാണ് ഈ രീതിയുടെ പ്രത്യേകത. സാധാരണ തടയണകളില്‍നിന്ന് വ്യത്യസ്തമായി ഉയരം കൂടിയ ഡിസൈന്‍ ആയതിനാല്‍ ധാരാളം ജലം സംഭരിക്കപ്പെടുകയും അതുവഴി ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകുകയും ചെയ്യുന്ന മാതൃകയാണ് ബന്ധാര.

കരിമ്പുഴ പഞ്ചായത്തില്‍ രണ്ടു മീറ്റര്‍ ഉയരത്തിലാണ് ഭാരതപ്പുഴയ്ക്ക് കുറുകെ ബന്ധാര നിര്‍മിക്കുന്നത്. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡി.പി.ആറില്‍ ഇതിനുള്ള പ്രൊപ്പോസല്‍ വച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയിലാണ് ഇത്തരമൊരു മാതൃക പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്. കരിമ്പുഴ പഞ്ചായത്തിലെ കാര്‍ഷിക, കുടിവെള്ള മേഖലയില്‍ ബന്ധാര നിര്‍മാണം വലിയ രീതിയില്‍ പ്രയോജനം ചെയ്യും. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ പാലക്കാട് ജില്ലാ പഞ്ചായത്ത് ഇതിനകം ജലസേചന വകുപ്പിന് പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, കോര്‍ കമ്മിറ്റി അംഗങ്ങളായ വൈ.കല്യാണകൃഷ്ണന്‍, പ്രൊഫ. ബി.എം. മുസ്തഫ, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുമന്‍ ബി. ചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *