Your Image Description Your Image Description
Your Image Alt Text

നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന പല പച്ചക്കറികളുടെയും പഴങ്ങളുടെയുമെല്ലാം തൊലി ഏതെങ്കിലും രീതിയില്‍ ഉപയോദപ്രദമാക്കാൻ സാധിക്കുന്നതായിരിക്കും. പലര്‍ക്കും ഇത് അറിയാത്തതിനാല്‍ അവരിതെല്ലാം വെറുതെ കളയും. പലര്‍ക്കും അറിയുമെങ്കിലും ഇതൊക്കെ വച്ച് ഓരോന്നും തയ്യാറാക്കിയെടുക്കുന്നതിനുള്ള പ്രയാസമോര്‍ത്ത് പിന്തിരിയും.

ഇതുപോലെ ഓറഞ്ചിന്‍റെ തൊലി വച്ച് തയ്യാറാക്കാവുന്നൊരു വിഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഓറഞ്ചിന്‍റെ തൊലി ഉണക്കി പൊടിച്ച് സ്കിൻ കെയറില്‍ ഉപയോഗപ്പെടുത്താറുണ്ട്, ഓറഞ്ചിന്‍റെ തൊലി അച്ചാറിടാറുണ്ട്, ചായയില്‍ ഉപയോഗിക്കുന്നവരുണ്ട്, വിഭവങ്ങള്‍ ഗാര്‍ണിഷ് ചെയ്യാനുപയോഗിക്കും. ഇവയെല്ലാം മിക്കവരും കേട്ടിരിക്കും.

ഇത് ഓറഞ്ചിന്‍റെ തൊലി കൊണ്ടുണ്ടാക്കുന്ന നല്ലൊരു സൂപ്പ് ആണ്. ഓറഞ്ചിന്‍റെ തൊലി കൊണ്ട് സൂപ്പോ എന്ന് ചിന്തിക്കേണ്ട, കാരണം ഈ സൂപ്പിനും ആരോഗ്യഗുണങ്ങളുണ്ട്. ഓറഞ്ചിനെ എന്ന പോലെ തന്നെ ഓറഞ്ചിന്‍റെ തൊലിയും വൈറ്റമിൻ സിയാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ഇവ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശ്വാസകോശാരോഗ്യത്തിനുമെല്ലാം പ്രയോജനപ്പെടുന്നു. ഓറഞ്ചിന്‍റെ തൊലിയില്‍ അടങ്ങിയിട്ടുള്ള ‘പെക്ടിൻ’ എന്ന ഘടകം പ്രമേഹത്തിന് നല്ലതാണത്രേ. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കുമത്രേ.

ഇതിന് പുറമെ ഹൃദയാരോഗ്യത്തിനും, ചര്‍മ്മത്തിനും, കണ്ണിനും, വായയ്ക്കും എല്ലാം നല്ലതാണത്രേ ഓറഞ്ചിന്‍റെ തൊലി. ഇനി, ഇതുവച്ച് എങ്ങനെയാണ് സൂപ്പ് തയ്യാറാക്കുന്നത് എന്ന് കൂടി നോക്കാം.

ഓറഞ്ചിന്‍റെ തൊലി നന്നായി ക്ലീൻ ചെയ്തെടുത്ത ശേഷം അതിന്‍റെ അകത്തെ വെളുത്ത ഭാഗം ചുരണ്ടിക്കളയണം. അല്ലെങ്കില്‍ കയ്പ് വരാം. അടുത്തതായി ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഉള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത് ഒന്ന് വഴറ്റണം. ശേഷം ഇഷ്ടമുള്ള മറ്റ് പച്ചക്കറികളേതെങ്കിലും ചേര്‍ക്കുന്നുവെങ്കില്‍ അവയും (അല്‍പം വലുതായി ക്യൂബ് സൈസില്‍ മുറിച്ചത്) ചേര്‍ക്കണം. ഇതിലേക്ക് ആവശ്യത്തിന് ചില്ലി ഫ്ളേക്സ് ഓറഞ്ച് തൊലി അരിഞ്ഞത് എന്നിവ കൂടി ചേര്‍ക്കണം.  ഇതില്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കണം.

തിളച്ചുവരുമ്പോള്‍ ഉപ്പും കുരുമുളക് പൊടിച്ചതും ചേര്‍ക്കാം. പച്ചക്കറികളും മറ്റും വെള്ളത്തില്‍ കിടന്ന് നന്നായി തിളക്കണം. ഇനി അല്‍പം സോയ സോസ്, ഇത്തിരി ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയത് എന്നിവ കൂടി ചേര്‍ത്ത് നിര്‍ത്താം.

Leave a Reply

Your email address will not be published. Required fields are marked *