Your Image Description Your Image Description
Your Image Alt Text

 

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന കേരളത്തിന്റെ പരാതിക്ക് രൂക്ഷ‌മറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍. കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് വളരെ മോശമാണെന്ന വിവിധ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ടുകളും സംസ്ഥാനസര്‍ക്കാര്‍ മുമ്പ്‌ ഇറക്കിയ ധവളപത്രവും ഉദ്ധരിച്ചാണ് കേന്ദ്രത്തിന്റെ മറുപടി. കേരളം പൊതുധനം കൈകാര്യംചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും കേന്ദ്രം പറഞ്ഞു.

കടമെടുപ്പിന് പരിധി നിശ്ചയിച്ച് സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നെന്നുകാട്ടി കേരളം സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ വിശദമായ കുറിപ്പ് നൽകിയത്. കേസ് 13-ന് സുപ്രീംകോടതി പരിഗണിക്കും.നിയമവും വായ്പപ്പരിധിയും മറികടക്കാനാണ് കേരളം ബജറ്റില്‍ ഉള്‍പ്പെടുത്താതെ കിഫ്ബി, കെ.എസ്.എസ്.പി.എല്‍. (കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്) എന്നിവയില്‍നിന്ന് വായ്പയെടുക്കുന്നതെന്ന് കേന്ദ്രം ആരോപിച്ചു. സ്വന്തമായി വരുമാനമാര്‍ഗമില്ലാത്ത ഈ സ്ഥാപനങ്ങളില്‍നിന്ന്‌ എടുക്കുന്ന വായ്പകള്‍ സംസ്ഥാനസര്‍ക്കാരിന്റെ സഞ്ചിതനിധിയില്‍നിന്ന്‌ തിരിച്ചടയ്ക്കേണ്ടിവരും. ബജറ്റില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഈ ബാധ്യത നിയമസഭ അറിയുന്നുമില്ല.

കിഫ്ബി, കെ.എസ്.എസ്.പി.എല്‍. എന്നിവയില്‍നിന്ന് 2016-17 മുതല്‍ 2021-22 വരെ 42,285 കോടിയാണ് സംസ്ഥാനസര്‍ക്കാര്‍ കടമെടുത്തത്. ബജറ്റില്‍ ഉള്‍പ്പെടുത്താത്ത വായ്പയെടുക്കലുകള്‍ സംസ്ഥാന സര്‍ക്കാരിനെ കടക്കെണിയിലാക്കുമെന്ന് സി.എ.ജി. മുന്നറിയിപ്പുനല്‍കിയതാണ്. സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലാണെന്ന് 2016-ല്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ധവളപത്രത്തിലുമുണ്ട്.

നികുതിദായകരുടെ പണമുപയോഗിച്ച് കേന്ദ്രംനല്‍കുന്ന തുക സുരക്ഷിതമായിരിക്കണമെന്നും സംസ്ഥാനങ്ങള്‍ വായ്പപ്പരിധിക്കകത്ത്‌ നില്‍ക്കമെന്നും ഭരണഘടനയുടെ 293(3), 293(4) വകുപ്പുകള്‍ വ്യക്തമാക്കുന്നു. സുതാര്യവും വിവേചനരഹിതവുമായാണ് വായ്പപ്പരിധി നിശ്ചയിച്ചത്. എന്നാല്‍, കേന്ദ്രത്തോടുള്ള ബാധ്യത സംസ്ഥാനം പാലിക്കാത്ത സംഭവങ്ങളുണ്ട്. ഉദാഹരണമായി, കൊച്ചി മെട്രോ റെയിലും കേരള സര്‍ക്കാരും എ.എഫ്.ഡി.യില്‍ (ഏജന്‍സി ഫ്രാങ്കൈസ് ഡി ഡിവലപ്‌മെന്റ്) നിന്നെടുത്ത വായ്പ 2014 മുതല്‍ തിരിച്ചുനല്‍കാത്തതിനാല്‍ കുടിശ്ശിക ഒഴിവാക്കാന്‍ കേന്ദ്രമാണ് അടച്ചതെന്നും കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *