Your Image Description Your Image Description
Your Image Alt Text

നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ തുരത്തുന്ന രക്തത്തിലെ ഘടകമാണ് ശ്വേതരക്താണുക്കൾ. ഇവ അമിതമായി ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് രക്താർബുദം അഥവാ ലുക്കീമിയ ഉണ്ടാകുന്നത്. ശരീരത്തിൽ രക്തം ഉണ്ടാക്കുന്ന മജ്ജയിലും ലസീകഗ്രന്ധികളിലുമാണ് ഈ രോഗമുണ്ടാകുന്നത്. കുട്ടികളിൽ ഈ അസുഖം വളരെ പെട്ടെന്നാണ് ഗുരുതരമാകുന്നത്. നേരത്തെ കണ്ടെത്തിയാൽ കുട്ടികളിലെ രക്താർബുദം പൂർണമായും ചികിൽസിച്ചു മാറ്റാനും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും കഴിയും. കുട്ടികളുടെ ശരീരം പൊതുവെ ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ഒരു അനുഗ്രഹമാണ്. അതുകൊണ്ട് 80% കുട്ടികളും രക്താർബുദത്തെ അതിജീവിക്കുന്നു. എന്നാൽ ലക്ഷണങ്ങളെ നിസാരമായി കാണാൻ കഴിയില്ല.

സാധാരണഗതിയിൽ കുട്ടികളുടെ ഡി.എൻ.എ യിൽ വളരെ നേരത്തേയുണ്ടാകുന്ന ചില മാറ്റങ്ങളാണ് അർബുദത്തിന് കാരണമാകുന്നത്. പ്രസവത്തിന് മുൻപേ തന്നെ ഉണ്ടാകുന്ന മാറ്റങ്ങളായിരിക്കാം ഇവ. ഗർഭധാരണസമയത്തെ മദ്യപാനവും പുകവലിയും, അമിതമായ കോഫിയുടെ ഉപയോഗം എന്നിവ കുഞ്ഞുങ്ങളിൽ കാൻസറിന്‌ കാരണമാകുമെന്ന് സൂചിപ്പിക്കുന്ന പഠനങ്ങളുണ്ട്. ഗർഭകാലത്ത് ഏതെങ്കിലും തരത്തിലുള്ള റേഡിയേഷൻ തുടർച്ചയായി ശരീരത്തിലെത്തിയിട്ടുണ്ടെങ്കിലും അർബുദത്തിന് സാധ്യതയുണ്ട്. കുടുംബത്തിൽ അടുത്ത ബന്ധുക്കൾക്ക് രക്താർബുദം വന്നിട്ടുണ്ടെങ്കിലും കരുതിയിരിക്കണം. 35 വയസ് കഴിഞ്ഞ് അമ്മമാരാകുന്ന സ്ത്രീകളുടെ കുട്ടികളിലും രോഗസാധ്യതയുണ്ട്. കീടനാശിനികളുടെ ഉപയോഗവും ഒരു പ്രധാന വില്ലനാണ്.

കുട്ടികളിലെ രക്താർബുദത്തിന്റെ ലക്ഷണങ്ങൾ

  • വിട്ടുമാറാത്ത ചുമയും പനിയും
  • ആന്റിബയോട്ടിക് മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ
  • കാരണമില്ലാത്ത ക്ഷീണവും തളർച്ചയും
  • ലസീക ഗ്രന്ധികളിലെ നീർക്കെട്ട് (താടിയിലും കഴുത്തിലും കക്ഷത്തിലും ചെവിക്ക് പിറകിലും കാണുന്ന മുഴകൾ പ്രത്യേകം ശ്രദ്ധിക്കണം)
  • കരളും പ്ലീഹയും വീർത്തിരിക്കുക
  • മൂക്കിൽ നിന്നോ വായിൽ നിന്നോ രക്തം വരിക (പല്ലുതേയ്ക്കുമ്പോൾ പ്രത്യേകിച്ച്)
  • ചർമത്തിൽ ചുവന്ന പാടുകൾ
  • കാരണമില്ലാതെ ഭാരം കുറയുക
  • വിളർച്ച
  • കൈകാലുകളിൽ അസഹ്യമായ വേദന
  • വേദനകാരണം നടക്കാൻ ബുദ്ധിമുട്ട്
  • മലം കറുത്തനിറത്തിൽ പോവുക

ഈ ലക്ഷണങ്ങൾ കണ്ടാൽ കുട്ടിയെ വിദഗ്ധപരിശോധനകൾക്ക് വിധേയരാക്കണം. ദിവസങ്ങൾക്കുള്ളിൽ കുട്ടികളിൽ ലക്ഷണങ്ങൾ തീവ്രമാകാറുണ്ട്. മുതിർന്നവരേക്കാൾ വളരെ വേഗത്തിലും തീവ്രതയിലുമാണ് രോഗം വ്യാപിക്കുക. സാധാരണ പനിയോ ശരീരവേദനയോ ആയിട്ടായിരിക്കും കുട്ടികളെ ആശുപത്രിയിൽ എത്തിക്കുന്നത്. കാൻസർ ബാധ സംശയിച്ചാൽ ഡോക്ടർ സ്മിയർ ടെസ്റ്റും കൗണ്ട് ടെസ്റ്റും നിർദേശിക്കും. അവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിൽ ലുക്കീമിയയുടെ സാധ്യത പരിശോധിക്കണം. അതിനായി ബോൺ മാരോ പരിശോധന നടത്താം.

ലുക്കീമിയക്കെതിരെയുള്ള കീമോതെറാപ്പി ചികിത്സയും കുട്ടികളിൽ ഏറെ ഫലപ്രദമാണ്. മുതിർന്നവരിൽ കാണുന്നത് പോലെ ജീവിതശൈലി രോഗങ്ങളോ പാരിസ്ഥിതിക ഘടകങ്ങളോ കുട്ടികളിൽ അർബുദത്തിന് കാരണമാകാറില്ല.

രക്താർബുദം പല തരത്തിലുണ്ട്. ഓരോന്നിന്റെയും ചികിത്സാരീതിയിലും ദൈർഘ്യത്തിലും വ്യത്യാസമുണ്ട്.

ചികിത്സ എങ്ങനെ?

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ് കുട്ടികളിൽ ഏറ്റവമധികം കണ്ടുവരുന്നത്. ശൈശവകാലത്തെ കാൻസറുകളിൽ 75% അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ്. അതിവേഗം രോഗം പുരോഗമിക്കുന്നതിനാൽ എത്രയും വേഗം ചികിത്സ തുടങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്, മോണോക്ലോണല്‍ ആന്റിബോഡികള്‍എന്നീ ചികിത്സകളാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ഒന്നിലേറെ ചികിത്സകൾ ഒരുമിച്ചും നൽകാറുണ്ട്. രണ്ടരവർഷം വരെ ചികിത്സ നീണ്ടുനിൽക്കാറുണ്ട്. അക്യൂട്ട് മൈലോജീനസ് ലുക്കീമിയ പോലെയുള്ള മറ്റ് കാൻസറുകളാണെങ്കിൽ ചികിത്സയുടെ ദൈർഖ്യത്തിലും വ്യത്യാസങ്ങളുണ്ടാകും.

ആദ്യത്തെ ആറുമാസം കഠിനമായ കീമോതെറാപ്പിയാണ് നൽകുന്നത്. പിന്നീട് മുടങ്ങാതെ മരുന്നുകൾ കഴിക്കണം. ഇക്കാലത്ത് കുട്ടികളിൽ പല അസ്വസ്ഥതകളും കണ്ടുവെന്നുവരാം. കുട്ടികളുടെ രക്ഷിതാക്കൾ കരുത്ത് കൈവിടാതെ ക്ഷമയും ശ്രദ്ധയും നൽകേണ്ട സമയമാണിത്. ഈ സമയം അണുബാധകൾ ഉണ്ടാകാതെ നോക്കേണ്ടത് അനിവാര്യമാണ്. നല്ല ശുചിത്വം പാലിക്കണം. പുറമെ നിന്നുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. വീട്ടിൽ തന്നെ പുതുതായി പാചകം ചെയ്യുന്ന ഭക്ഷണം മാത്രമേ നൽകാവൂ. ഫ്രിഡ്ജിൽ വെച്ചതും പഴകിയതുമായ ഭക്ഷണങ്ങൾ നൽകരുത്. കല്യാണം പോലെയുള്ള തിരക്കുള്ള സ്ഥലങ്ങളിൽ കുട്ടിയെ കൊണ്ടുപോകരുത്. കുട്ടികളെ കാണാൻ വരുന്നവരും ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സന്ദർശകരിൽ ഒരാൾക്ക് ജലദോഷമുണ്ടെങ്കിൽ പോലും കുട്ടിക്ക് അതിൽ നിന്ന് അണുബാധയുണ്ടായാൽ ആരോഗ്യം മോശമാകാൻ ഇടയുണ്ട്. ഡോക്ടർമാർ നൽകുന്ന മരുന്നുകൾ മുടങ്ങാതെ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

അർബുദം പൂർണമായും ശരീരത്തിൽ നിന്ന് പോകുന്നത് വരെ എന്ത് അസുഖമുണ്ടെങ്കിലും ഉടൻ ഡോക്ടറെ കാണണം. രാത്രി ഒരു ചെറിയ പനി വന്നാൽ പോലും നേരം പുലരുന്നത് വരെ കാത്തിരിക്കാതെ ഉടൻ അടുത്തുള്ള പീഡിയാട്രീഷനെ കാണണം.

രോഗം ഭേദമായ ശേഷം

 

കുട്ടികളിലെ അർബുദത്തിന് എതിരെയുള്ള ചികിത്സാരീതികൾ കൂടുതൽ വികസിക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സയിലൂടെ ധാരാളം കുട്ടികൾ രോഗത്തിൽ നിന്ന് മോചനം നേടി കൗമാരവും യൗവ്വനവും പിന്നിടുന്നു. എങ്കിലും ചില പാർശ്വഫലങ്ങൾ അവരെ ദീർഘകാലം പിന്തുടർന്നേക്കാം. ഏത് തരം അർബുദമാണ് അവരെ ബാധിച്ചതെന്നും എന്ത് ചികിത്സയാണ് നല്കിയതെന്നതിനെയും ആശ്രയിച്ചിരിക്കും പാർശ്വഫലങ്ങൾ. കുട്ടിക്കാലത്ത് കാൻസർ വന്നവരിൽ പിൽക്കാലത്ത് വീണ്ടും കാൻസർ വരാനുള്ള സാധ്യതയുമുണ്ട്. സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റ് പോലെയുള്ള ചികിത്സകൾ വേണ്ടിവന്നവരിൽ വളർച്ച മുരടിക്കാറുണ്ട്. ആവശ്യമെങ്കിൽ ഇവർക്ക് വളർച്ചയ്ക്ക് ആവശ്യമായ ഹോർമോണുകളും നൽകാം.

തയ്യാറാക്കിയത്: ഡോ. കേശവൻ എം ആർ – കൺസൾട്ടന്റ്, പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി, ആസ്റ്റർ മിംസ്, കാലിക്കറ്റ്

Leave a Reply

Your email address will not be published. Required fields are marked *