Your Image Description Your Image Description

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് ജില്ലയില്‍ വിര നശീകരണത്തിന് അങ്കണവാടി, സ്‌കൂളുകള്‍ മുഖേന ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒന്ന് മുതല്‍ 19 വയസു വരെയുള്ള 7,69,699 പേര്‍ക്കാണ് മരുന്ന് നല്‍കുന്നത്. ഒന്ന് മുതല്‍ രണ്ട് വയസ് വരെ 200 മില്ലിഗ്രാം ഗുളികയും(അര ഗുളിക) രണ്ട് മുതല്‍ 19 വരെ 400 മില്ലിഗ്രാം(ഒരു ഗുളിക) ഗുളികയും നല്‍കും. ഫെബ്രുവരി എട്ടിന് ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ക്ക് 15 ന് മോപ് അപ് റൗണ്ടിലൂടെ മരുന്ന് നല്‍കും.

ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ചാണ് കൊടുക്കേണ്ടത്. മുതിര്‍ന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കാം. ഗുളിക കഴിച്ച ശേഷം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ കഴിക്കേണ്ടതില്ല. ശരീരത്തില്‍ വിരകളുടെ തോത് കൂടുതലുള്ള കുട്ടികളില്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ഈ സാഹചര്യത്തില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ.ആര്‍ വിദ്യ, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *