Your Image Description Your Image Description

ലോകത്തിന്‍റെ ഏത്​ കോണിലായാലും ക്രിസ്മസ്​ ദിനാഘോഷങ്ങൾക്ക്​ ഭക്​തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കുന്നതിൽ ക്വയർ സംഘങ്ങളുടെ പങ്ക്​ നിസ്തുലമാണ്​​. മറ്റ്​ ഗായക സംഘങ്ങളിൽ നിന്ന്​ വിത്യസ്തമായി സൗമ്യമായ ആലാപന ശൈലി കൊണ്ട്​ വിശ്വാസികൾക്ക്​ ഹൃദ്യമായ അനുഭവം സമ്മാനിക്കുന്നതോടൊപ്പം മനസിൽ ഭക്​തിയുടെ നിറഭാവങ്ങൾ തീർക്കുന്നവയാണ്​​ പള്ളികളിലെ ക്വയർ സംഘങ്ങൾ.

പ്രവാസ ലോകത്തും മലയാളികളുടെ നേതൃത്വത്തിലുള്ള വിശ്വാസി സമൂഹത്തിന്‍റെ ക്വയർ സംഘങ്ങൾ വിവിധ പള്ളികൾ കേന്ദ്രീകരിച്ച്​ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്​​. എന്നാൽ, നാലര പതിറ്റാണ്ടിലധികമായി സജീവമായി ഈ രംഗത്തുള്ള പള്ളിയാണ്​ ദുബൈ സി.എസ്​.ഐ ചർച്ച്​. യുനൈറ്റഡ്​ അറബ്​ എമിറേറ്റ്​സിലെ ചർച്ച്​ ഓഫ്​ സൗത്ത്​ ഇന്ത്യയുടെ ആദ്യ ഇടവകയാണ്​ ദുബൈയിലെ സി.എസ്​​.ഐ ഇടവക.

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പാരമ്പര്യമനുസരിച്ച് ആരാധനയുടെ അവിഭാജ്യ ഘടകമാണ് ചർച്ച് ക്വയർ (ഗായക സംഘം). ക്വയറിൽ പരിശീലനം ലഭിച്ച ഗായകനാകാൻ വളരെയധികം പ്രതിബദ്ധത ആവശ്യമാണ്. ദുബൈ സി.എസ്‌.ഐ പാരിഷ് ക്വയർ സംഘാംഗത്തിന്​ മികച്ച നിലവാരത്തിലുള്ള പരിശീലനമാണ്​ നൽകിവരുന്നത്​. 1975 ൽ ആണ്​ ദുബൈ സി.എസ്​.ഐ പാരിഷ്​ ഗായക സംഘം ആരംഭിക്കുന്നത്​.

തുടക്കത്തിൽ പുരുഷൻമാരാണ്​ സംഘത്തിലുണ്ടായിരുന്നത്​. പ്രധാനമായും പ്രതിവാര ആരാധനയിൽ സഭയെ ആലാപനത്തിൽ നയിക്കുകയാണ് ഗായക സംഘത്തിന്‍റെ​ ലക്ഷ്യം. പിന്നീട്​ മൂന്ന്​ ക്വയർ മാസ്റ്റർമാരുടെ നേതൃത്വത്തിൽ സംഘത്തെ കൂടുതൽ വിപുലീകരിക്കുകയായിരുന്നു. ക്വയർ മാസ്റ്ററായ ജെ.ഇ മാത്യു ആണ്​ 2006 വരെ ക്വയർ സംഘത്തിന് ആദ്യം​ പരിശീലനം നൽകി വന്നത്​.

Leave a Reply

Your email address will not be published. Required fields are marked *