Your Image Description Your Image Description
Your Image Alt Text

മുന്‍ഗണനാ റേഷന്‍ കാര്‍ഡിനായി നവകേരള സദസിലും ഓണ്‍ലൈനായും നല്‍കിയ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാതല വിതരണോദ്ഘാടനം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ചിറ്റൂര്‍ താലൂക്കില്‍ ഓണ്‍ലൈനായി മുന്‍ഗണന കാര്‍ഡിനായി ലഭിച്ച 1524 അപേക്ഷകളില്‍ 1110 കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് തരം മാറ്റി നല്‍കാന്‍ അനുമതി ലഭിച്ചു. അതില്‍ 100 കാര്‍ഡ് ഉടമകള്‍ക്ക് അറിയിപ്പ് നല്‍കി. അറിയിപ്പ് ലഭിച്ചവര്‍ക്ക് ഫെബ്രുവരി ഏഴ് മുതല്‍ അക്ഷയ മുഖാന്തിരം മുന്‍ഗണന കാര്‍ഡുകള്‍ പ്രിന്റ് എടുക്കാം. നവകേരള സദസിലും ഓണ്‍ലൈനിലുമായി അപേക്ഷ ലഭിച്ച 11 പേര്‍ക്കുള്ള മുന്‍ഗണന കാര്‍ഡുകളുടെ വിതരണം മന്ത്രി നിര്‍വഹിച്ചു. ബാക്കി 414 പേരുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തില്‍ ഒഴിവ് വരുന്ന മുറയ്ക്ക് തരം മാറ്റി നല്‍കും.

ചിറ്റൂര്‍ താലൂക്കില്‍ നിലവില്‍ എ.എ.വൈ വിഭാഗത്തില്‍ 9460, പി.എച്ച്.എച്ച്-63,027, എന്‍.പി.എസ്-16,518, എന്‍.പി.എന്‍.എസ്-39,798, എന്‍.പി.ഐ-115 എന്നിങ്ങനെയാണ് റേഷന്‍ കാര്‍ഡ് ഉടമകളുടെ കണക്ക്. ഇതുവരെ പൊതുവിഭാഗത്തില്‍നിന്നും 1550 കാര്‍ഡുകളും പി.എച്ച്.എച്ച് വിഭാഗത്തില്‍ നിന്നും 17,800 കാര്‍ഡുകളും എന്‍.പി.എസ് വിഭാഗത്തില്‍ നിന്നും ഒരു കാര്‍ഡും എ.എ.വൈ വിഭാഗത്തിലേക്ക് തരം മാറ്റി നല്‍കി. 25 എസ്.ടി കാര്‍ഡുകള്‍ എ.എ.വൈ കാര്‍ഡാക്കി മാറ്റുന്നതിനുള്ള പട്ടിക സര്‍ക്കാറിന് നല്‍കി.

ഗുരുതര രോഗബാധിതര്‍ക്ക് അടിയന്തര ചികിത്സയ്ക്കായി പ്രത്യേക പരിഗണന നല്‍കി എല്ലാ മാസവും 20 ന് ലിസ്റ്റ് തയ്യാറാക്കി നല്‍കിയതില്‍ ഇതുവരെ 127 കാര്‍ഡുകള്‍ അനുവദിച്ചു. അനര്‍ഹരെ കണ്ടെത്തി 725 റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി പിഴയിനത്തില്‍ 28,21,147 രൂപ ഈടാക്കി.
കെ. ബാബു എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ എലവഞ്ചേരി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപതി, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മണികണ്ഠന്‍, പി.എസ് ശിവദാസന്‍, റിഷ പ്രേംകുമാര്‍, ഡി. ജോസി ബ്രിട്ടോ, കെ. സത്യപാല്‍, ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി.എച്ച് മുസ്തഫ, റേഷനിങ് ഇന്‍സ്‌പെക്ടര്‍ കെ. സദാശിവന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *