Your Image Description Your Image Description
Your Image Alt Text

അറബി ഭാഷയുടെ അനുപമ സൗന്ദര്യം കൂടുതൽ പ്രചരിപ്പിക്കുകയാണ് ഇമാറാത്തി മാധ്യമപ്രവർത്തകൻ അയൂബ് യൂസഫ്. അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഭാഷയുടെ സൗന്ദര്യം പങ്കിടുന്നതിനും അയൂബ് യൂസഫിന്‍റെ പ്രവർത്തനങ്ങൾ ഇമാറാത്തികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. യഥാർഥ പദപ്രയോഗങ്ങളിലൂടെയും ആസ്വാദ്യകരമായ ശബ്ദ മധുരിമയിലൂടെയും പുസ്തക രചനകളിലൂടെയും ഈ ചെറുപ്പക്കാരൻ യു.എ.ഇയിലും അതിനപ്പുറത്തും അറബി ഭാഷയുടെ മികവുറ്റ വക്താവായി തിളങ്ങി നിൽക്കുന്നു.

അറബ് ഭാഷയുടെ തനതായ ശൈലി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രചരണപ്പെടുത്തിയതിന് 2016-ലെ വായന വർഷത്തിൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഏറ്റവും മികച്ച സോഷ്യൽ മീഡിയ വ്യക്തിത്വത്തിനുള്ള പയനിയർ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

1981ൽ ദുബൈയിൽ ജനിച്ച അയൂബ് ഭാഷയോടുള്ള ഇഷ്​ടം ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഉന്നത പഠനത്തിനു ശേഷം അദ്ദേഹം വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചെങ്കിലും അറബി ഭാഷയുടെ പ്രചാരണത്തിനുള്ള ദൗത്യം ജീവിതത്തിന്‍റെ പ്രധാന ഭാഗമായി മാറ്റി. റേഡിയോ, ടെലിവിഷൻ എന്നിവിടങ്ങളിലെ അവതാരകനായും, ‘ഇൻസ്പെക്ടർ ഫാസിഹ്’ എന്ന കഥാപാത്രത്തിലൂടെയും, ലഘു സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും അറബിക് ഭാഷാപഠനത്തെ രസകരവും പ്രായോഗികവുമാക്കി മാറ്റി.

ഭാഷാ പഠനവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്‍റെ പ്രയത്നങ്ങൾ അറബി ഭാഷയുടെ പരിധി അതിർത്തികൾ കടന്നുപോകാൻ സഹായിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തനത് അറബ് ഭാഷ പഠനത്തെ കുറിച്ച് പ്രചോദിപ്പിക്കുകയും ഭാഷയുടെ സാംസ്കാരിക പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ഹൃദയസ്പർശിയായ വാക്കുകളുടെയും മിനി സ്ക്രീനിലെ അഭിനയങ്ങളിലൂടെയുമെല്ലാം പൊതുജനങ്ങൾ സംസാരത്തിൽ സാധാരണ വരുത്തുന്ന പിഴവുകളെ ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *