Your Image Description Your Image Description
Your Image Alt Text

രാഷ്ട്രീയത്തില്‍ ഒരിക്കലും ഒന്നും ഒന്നും രണ്ടല്ല. അവിടെ തന്ത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഗതി നിര്‍ണ്ണയിക്കുക. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഭരണം മാറുമെന്ന കണക്കു കൂട്ടലുകള്‍ തെറ്റിച്ച് പിണറായി സര്‍ക്കാറിന് ഭരണ തുടര്‍ച്ച ലഭിച്ചതും ഇത്തരം തന്ത്രങ്ങളുടെ ഭാഗമാണ്. എന്നാൽ നിലപാടുകളും നയങ്ങളുമില്ലാതെ ജനങ്ങളിൽനിന്ന്‌ തികച്ചും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിപക്ഷം പ്രതിഷേധ സമരങ്ങളുടെ പേരിൽ കലാപത്തിനാണ്‌ ശ്രമിക്കുന്നത്‌.രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതു മുതൽ കോൺഗ്രസ്‌ ആരോപണങ്ങളും കുപ്രചാരണങ്ങളും സൃഷ്‌ടിക്കുകയാണ്.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പരസ്യമായി കലാപത്തിന്‌ ആഹ്വാനം ചെയ്യുന്നു. ഇപ്പോൾ എല്ലാ പരിധിയും ലംഘിച്ച്‌ പ്രതിഷേധത്തിന്റെ പേരിൽ പൊലീസിനെ കായികമായി നേരിടുന്ന സ്ഥിതിയിലേക്ക്‌ വരെ എത്തിയിരിക്കുകയാണ്‌. നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ യൂത്ത്‌ കോൺഗ്രസിനെയും കെഎസ്‌യുവിനെയും ക്വട്ടേഷൻ സംഘങ്ങളെയും തെരുവിലിറക്കി പൊലീസിനെ കടന്നാക്രമിച്ച്‌ വലിയ കലാപത്തിനാണ്‌ ലക്ഷ്യമിടുന്നത്‌. വ്യാപകമായി സംഘർഷമുണ്ടാക്കി യുഡിഎഫിൽ മേൽക്കൈ നേടാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം യൂത്ത്‌ കോൺഗ്രസിന്റെ സെക്രട്ടറിയറ്റ്‌ മാർച്ചിലെ അക്രമം ഇതിന്റെ ഭാഗമാണെനാണ് കോൺഗ്രസിനെപിന്തുണയ്‌ക്കുന്ന മാധ്യമങ്ങൾതന്നെ വ്യക്തമാക്കിയിരിക്കുന്നത്‌. കെഎസ്‌യുവിന്റെ ഡിജിപി ഓഫീസ്‌ മാർച്ചിലും യൂത്ത്‌ കോൺഗ്രസിന്റെ വണ്ടിപ്പെരിയാർ പൊലീസ്‌ സ്‌റ്റേഷൻ മാർച്ചിലും പൊലീസിനെ ആക്രമിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്താകെ വ്യാപകമായി ആക്രമണത്തിനുള്ള സാഹചര്യം സൃഷ്ടികാനാണ് കോൺഗ്രസ്‌ ശ്രമിക്കുന്നത് .

യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ പതിനായിരക്കണക്കിന്‌ വ്യാജ തിരിച്ചറിൽ കാർഡ്‌ നിർമിച്ചതുമായി ബന്ധപ്പെട്ട കേസ്‌, താഴെത്തട്ടുവരെയുള്ള വിഭാഗീയത, കോൺഗ്രസ്‌ നേതാക്കളുടെ ആർഎസ്‌എസ്‌ പ്രീണനം തുടങ്ങിയ സംഘടനാ പ്രശ്‌നങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനാണ്‌ നേതാക്കൾതന്നെ ആക്രണത്തിന്‌ ആഹ്വാനം ചെയ്യുന്നത്‌. ഇത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.

നവകേരളത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലക്ഷക്കണക്കിന്‌ ജനങ്ങളുമായി സംവദിച്ച്‌ 13 ജില്ല പിന്നിട്ടപ്പോൾ എൽഡിഎഫ്‌ സർക്കാരിനുള്ള ജനപിന്തുണ ഓരോ ജില്ലയിലും വർധിച്ചുവരികയായിരുന്നു. ഇതാണ് യുഡിഎഫിനെ വല്ലാതെ ആശങ്കയിലാഴ്‌ത്തുന്നുത് . ജനാധിപത്യത്തിന്റെയും ഭരണനിർവഹണത്തിന്റെയും പുതിയ മാതൃകയായി ശ്രദ്ധ നേടിയ നവകേരള സദസ്സിനെ അതുകൊണ്ട് തന്നെയാണ് എതിർക്കുന്നത് . സദസ്സിന്റെ പ്രഖ്യാപനംമുതൽ അതിരൂക്ഷമാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും നടത്തിയത്‌. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണാഹ്വാനത്തെയും അപവാദ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ്‌ പതിനായിരങ്ങളാണ്‌ ഓരോ കേന്ദ്രത്തിലും സദസ്സിനൊപ്പം അണിചേർന്നത്. യുഡിഎഫ്‌ നേതാക്കളും പ്രവർത്തകരും സദസ്സിലേക്കെത്തി. മാധ്യമങ്ങളും പ്രതിപക്ഷവും മറച്ചുവയ്ക്കുന്ന കാര്യങ്ങൾ സമൂഹത്തോട് തുറന്നു പറയാനുള്ള വേദിയായി നവകേരള സദസ്സ് മാറുകയും ചെയ്‌തു.

ജനപിന്തുണ നഷ്ടപ്പെട്ട നിരാശയിൽനിന്ന്‌ കോൺഗ്രസ്‌ സ്വയം പ്രകോപിതരായി നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ്‌. പ്രതിപക്ഷ നേതാവു തന്നെ തുടർച്ചയായി കലാപത്തിന്‌ ആഹ്വാനം നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷങ്ങൾക്ക്‌ മുഖ്യ ഉത്തരവാദി പ്രതിപക്ഷ നേതാവാണ്‌. കല്യാശേരി മണ്ഡലത്തിലെ നവകേരള സദസ്സ്‌ കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടാണ്‌ സംഘർഷത്തിന്‌ തുടക്കമിട്ടത്‌. തുടർന്ന്‌ പലയിടത്തും ഇത്തരത്തിൽ ആക്രമണത്തിന്‌ മുതിർന്നു. ഇതിന്റെ തുടർച്ചയാണ്‌ കഴിഞ്ഞ ദിവസം സെക്രട്ടറിയറ്റ്‌ മാർച്ചിന്റെ മറവിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ നേതൃത്വത്തിൽ പൊലീസിനെ ആക്രമിച്ചും വാഹനങ്ങൾ തകർത്തും പ്രകോപനമുണ്ടാക്കിയത്‌. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർത്ത്‌ വികസനം തടയുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിനുള്ളത്‌. പക്ഷെ അതൊരിക്കലും ഇടതു സർക്കാർ അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *