Your Image Description Your Image Description
Your Image Alt Text

മന്ത്രിസഭ പുനഃസംഘടനയില്‍ ധാരണയായി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ആന്റണി രാജു, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ മന്ത്രിസ്ഥാനം നഷ്ടമാകാനാണ് സാധ്യത. ഗണേഷ് കുമാറിനായിരിക്കും ഗതാഗത വകുപ്പ്. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29 നു നടക്കും.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്ത് തന്നെ രണ്ടര വര്‍ഷം വീതമുള്ള രണ്ട് ടേമുകളിലായി മന്ത്രിസ്ഥാനം വീതിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നല്‍കുമെന്നത് എല്‍ഡിഎഫ് നേതൃത്വം നല്‍കിയ ഉറപ്പാണ്. ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിനു നേരത്തെ കത്ത് നല്‍കിയിരുന്നു. നവകേരള സദസ് അവസാനിച്ച ശേഷം മതി മന്ത്രിസഭ പുനഃസംഘടന എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതുപ്രകാരം ഇന്ന് നവകേരള സദസ് അവസാനിച്ചു കഴിഞ്ഞാല്‍ പുതിയ മന്ത്രിമാരേയും അവര്‍ക്കുള്ള വകുപ്പുകളും പ്രഖ്യാപിക്കും. നവംബർ 20ന് സർക്കാരിന് രണ്ടര വർഷം പൂർത്തിയാകിയത് .

ഗതാഗത വകുപ്പിനോട് ഗണേഷ് കുമാറിനു താല്‍പര്യക്കുറവ് ഉണ്ടായിരുന്നു. ഇക്കാര്യം ഇടതുമുന്നണിയേയും മുഖ്യമന്ത്രിയേയും അറിയിക്കുകയും ചെയ്തു. എന്നാല്‍ വകുപ്പുകള്‍ മാറ്റുന്നതിനോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ല. ഇടതുമുന്നണി നേരത്തെ തീരുമാനിച്ചതു പോലെ മതി പുനഃസംഘടന എന്നാണ് മുഖ്യമന്ത്രി നിലപാടെടുത്തത്.

അതേസമയം നവകേരള സദസ്സിന് ഇന്ന് സമാപിക്കും . വൈകിട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപന പരിപാടികള്‍. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നീക്കമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നവ കേരള സദസ്സിനെതിരെ യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ഇന്ന് നടക്കും. പ്രതിഷേധവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് തിരുവന്തപുരത്ത് ഒരുക്കിയിട്ടുള്ളത്.

വിവാദങ്ങളും വാക്ക് പോരും കൊണ്ട് സമ്പന്നമായ നവ കേരള സദസ്സ് ഇന്ന് സമാപിക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എത്രകണ്ട് നടപ്പായി എന്നതാണ് പ്രധാന ചോദ്യം. ലഭിച്ച പരാതികളില്‍ എത്രയെണ്ണത്തിന് എന്ത് പരിഹാരം ഉണ്ടാക്കിയെന്നത് മറ്റൊരു ചോദ്യം. സദസ്സിലെ ജനസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം നേരിടുക. നവകേരള സദസ്സ് സമാപിച്ചാലും വിവാദങ്ങള്‍ ഉടന്‍ കെട്ടിടനില്ലെന്ന് ചുരുക്കം

Leave a Reply

Your email address will not be published. Required fields are marked *