Your Image Description Your Image Description
Your Image Alt Text

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിന് കർണാടക സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന കർണാടകയിൽ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം മൈസൂരിൽ നടന്ന ഒരു പരിപാടിയിൽ സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നതിന് തടസ്സമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. നിരോധനം പിൻവലിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന വിധത്തിൽ അഭ്യൂഹങ്ങൾക്ക് ഈ പരാമർശം കാരണമായി. ബിജെപിയുടെയും വലതുപക്ഷ സംഘടനകളുടെയും വിമർശനം ശക്തമായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകാൻ കർണാടക സർക്കാർ ഔദ്യോഗികമായി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരോധനം അവസാനിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും എന്നാൽ, വിഷയം ആദ്യം സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. നിരോധനത്തിനെതിരെ നിരവധി വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചെങ്കിലും കർണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. കേസ് സുപ്രീം കോടതിയിൽ എത്തിയെങ്കിലും ഭിന്നവിധിയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *