Your Image Description Your Image Description

മലപ്പുറം : ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർ രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും നന്മക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ- കായിക – വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അഭ്യർത്ഥിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹാജിമാർക്ക് നടത്തുന്ന സാങ്കേതിക പരിശീലന ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം താനൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി ആർ വിനോദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സർക്കാർ വഴി ഹജ്ജിന് പുറപ്പെടുന്ന 14590 പേർക്കും ഇനി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കും പ്രയാസരഹിതമായി ഹജ്ജ് നിർവഹിച്ചു തിരിച്ചു വരാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . സംസ്ഥാനത്തെ 600 ഓളം ട്രൈനർമാരും 20 ഫാക്കൾട്ടി മെമ്പർമാരും പതിനാല് ജില്ലകളിലായി അറുപതിൽപരം കേന്ദ്രങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന സാങ്കേതിക പരിശീലന ക്ലാസ്സുകളിൽ ഹാജിമാർ നിർബന്ധമായും പങ്കെടുക്കണം. ഹജ്ജ് സംബന്ധമായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി തയ്യാറാക്കിയ കൈപുസ്തകം താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോരിയക്ക് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു.

ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി ടി അക്ബർ, അഷ്‌കർ കോരാട്, ജാഫർ കണ്ണൂർ, മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ്‌ കാസിം കോയ, മുൻസിപ്പൽ കൗൺസിലർ പി കെ എം ബഷീർ, അസിസ്റ്റന്റ് സെക്രട്ടറി എൻ മുഹമ്മദ്‌ അലി, സ്റ്റേറ്റ് ട്രെയിനിങ് ഓർഗനൈസർ ബാപ്പു ഹാജി, ജില്ലാ ട്രെയിനിങ് ഓർഗനൈസർ മുഹമ്മദ്‌ റൗഫ് , മണ്ഡലം ട്രൈനർ ബാവ ആശംസകൾ അറിയിച്ചു. ഫാക്കൾട്ടി മെമ്പർമാരായ അമാനുള്ള മാസ്റ്റർ, എൻ പി ഷാജഹാൻ എറണാകുളം ക്ലാസുകൾക്ക് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *