Your Image Description Your Image Description

കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാപ്രസ്സ് പുരയിടത്തില്‍ സഹകരണവകുപ്പ് നിര്‍മ്മിച്ച അക്ഷരം മ്യൂസിയത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം 2024 നവംബര്‍ 26-ന് ഉച്ചക്ക് 3 മണിക്ക് നാട്ടകം ഇന്ത്യാപ്രസ്സ് പുരയിടത്തില്‍വെച്ച് ബഹുമാനപ്പെട്ട തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി. എന്‍. വാസവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

മ്യൂസിയം ഉദ്ഘാടനത്തോടൊപ്പം ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും നിര്‍വ്വഹിക്കും. പ്രസ്തുതയോഗത്തില്‍വെച്ച് സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം ശ്രീ. എം. മുകുന്ദന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സമര്‍പ്പിക്കും. യോഗത്തില്‍ ഡോ. വീണ എന്‍. മാധവന്‍ IAS (ഗവ. സെക്രട്ടറി, സഹകരണവകുപ്പ്) സ്വാഗതവും അഡ്വ. പി. കെ. ഹരികുമാര്‍ (പ്രസിഡണ്ട്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം) ആമുഖപ്രഭാഷണവും ഡോ. ഡി. സജിത് ബാബു IAS സഹകരണസംഘം രജിസ്ട്രാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് പൂര്‍ത്തീകരിച്ചിരിക്കുന്ന ഈ മ്യൂസിയത്തിന്റെ ഉദ്ഘാടനചടങ്ങില്‍ മലയാളത്തിന്റെ സാഹിത്യപ്രതിഭകളായ ശ്രീ. ടി. പദ്മനാഭന്‍, ശ്രീ. എം. കെ. സാനു, ശ്രീ. എം. മുകുന്ദന്‍, ശ്രീ. എന്‍. എസ്. മാധവന്‍, പ്രൊഫ. വി. മധുസൂദനന്‍നായര്‍, ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ ചരിത്രകാരനായ ഡോ. എം. ആര്‍. രാഘവവാരിയര്‍, ശ്രീ. തോമസ് ജേക്കബ്, ശ്രീ. മുരുകന്‍ കാട്ടാക്കട, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഡല്‍ഹി റോക്ക് ആര്‍ട്ട് ഡിവിഷന്‍ മേധാവി ഡോ. റിച്ച നെഗി, നാഷണല്‍ മ്യൂസിയം അസിസ്റ്റന്റ്ക്യൂറേറ്റര്‍ മൗമിത ധര്‍ തുടങ്ങിയവരും പങ്കെടുക്കും.

ഇന്ത്യയിലെ ആദ്യത്തെ ഭാഷ-സാഹിത്യ-സാംസ്കാരികമ്യൂസിയമാണ് കോട്ടയം നാട്ടകത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന തീയേറ്റര്‍, ഹോളോഗ്രാം സംവിധാനവും മ്യൂസിയത്തിലുണ്ട്.നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടത്തില്‍ ഭാഷയുടെ ഉല്‍പത്തി മുതല്‍ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ്.

4 ഗാലറികളിലായാണ് ഒന്നാംഘട്ട ഉള്ളടക്കം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മനുഷ്യഭാഷയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട വിഡീയോ പ്രൊജക‍്‍ഷന്‍, വാമൊഴി പാരമ്പര്യം, ഗുഹാചിത്രങ്ങള്‍, ചിത്രലിഖിതങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ഒന്നാം ഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ലിപികളുടെ പരിണാമചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് മ്യൂസിയത്തിന്റെ രണ്ടാംഗാലറി. അച്ചടി സാങ്കേതികവിദ്യയെക്കുറിച്ചും മലയാളം അച്ചടിയുടെ ചരിത്രത്തെക്കുറിച്ചും പ്രധാന പുസ്തകങ്ങളെക്കുറിച്ചും അറിവു നല്‍കുന്നതാണ് മ്യൂസിയത്തിന്റെ മൂന്നാം ഗാലറി. കൂടാതെ കേരളത്തിലെ സാക്ഷാരതാപ്രവര്‍ത്തനങ്ങളെക്കുറിച്ചും ദ്രാവിഡഭാഷകളെക്കുറിച്ചും കേരളത്തിലെ 36 ഗോത്രഭാഷകളുടെ വിഡീയോ/ഓഡിയോ ഉള്ളടക്കവും മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് മ്യൂസിയത്തിന്റെ നാലാംഗാലറി.

മ്യൂസിയത്തിന്റെ ഒന്നാം നിലയില്‍ ലോകത്തിലെ ആറായിരത്തോളം ഭാഷകളെക്കുറിച്ച് വിവരം നല്കുന്ന ലോകഭാഷാഗാലറിയും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഇന്ത്യന്‍ ലിപികളുടെ പരിണാമചരിത്രം കാലഘട്ടം തിരിച്ച് അടയാളപ്പെടുത്തുന്ന അക്ഷരമാലാ ചാര്‍ട്ടുകളും പ്രദര്‍ശിപ്പിക്കുന്നു. കോട്ടയത്തെ പ്രധാന സാംസ്കാരിക-ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ടും അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി കോട്ടയത്തെ ചില പ്രധാന സാംസ്കാരിക ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് അക്ഷരം ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അക്ഷരത്തിനും സാഹിത്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് അക്ഷരം ടൂറിസം യാത്രയില്‍ ഇന്ത്യയിലെ ആദ്യത്തെ കോളേജായ സി.എം.എസ്. കോളേജ്, കേരളത്തില്‍ മലയാളം അച്ചടി ആരംഭിച്ച കോട്ടയം സി.എം.എസ്. പ്രസ്സ്, ആദ്യകാലപത്രസ്ഥാപനമായ ദീപിക ദിനപത്രം, പഹ്‍ലവി ഭാഷയിലുള്ള ലിഖിതം കൊത്തിവെച്ച പഹ്‍ലവി കുരിശുള്ള കോട്ടയം വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനെല്ലൂര്‍ ദേവീക്ഷേത്രം, ചരിത്ര-സാംസ്കാരിക പ്രാധാന്യം വിളിച്ചോതുന്ന വിവിധ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ദേവലോകം അരമന, മനോഹരമായ മ്യൂറല്‍ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കരക്ഷേത്രം, കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ്, കേരളത്തിലെ ആദ്യകാല പ്രസ്സുകളിലൊന്നായ മാന്നാനം സെന്റ് ജോസഫ് പ്രസ്സ് എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അക്ഷരനഗരിയായ കോട്ടയത്തിന്റെ അക്ഷരം ഭാഷ-ചരിത്രത്തെ നേരിട്ട് മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി അക്കാദമിക താല്‍പര്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *