Your Image Description Your Image Description
Your Image Alt Text

റാഫ: ഗാസയിലേക്ക് കൂടുതൽ ജീവകാരുണ്യസഹായമെത്തിക്കാനുള്ള പ്രമേയം യു.എൻ. രക്ഷാസമിതി പാസാക്കിയതിനുപിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. വെള്ളിയാഴ്ച ഗാസാസിറ്റിയിലുണ്ടായ ആക്രമണത്തിൽ കൂട്ടുകുടുംബത്തിൽപ്പെട്ട 76 പേർ മരിച്ചു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നും സഹായവിതരണത്തിനുള്ള പ്രധാനതടസ്സം നിലയ്ക്കാത്ത ആക്രമണമാണെന്നും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതിനു പിറ്റേദിവസമാണ് കൂട്ടക്കുരുതി നടന്നത്.

അൽ മുഖ്രാബി കുടുംബത്തിലെ 16 കുടുംബനാഥന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. യു.എൻ. ഡിവലപ്മെന്റ് പ്രോഗ്രാം(യു.എൻ.ഡി.പി.) ഉദ്യോഗസ്ഥൻ ഇസാം അൽ മുഖ്രാബിയും കുടുംബവും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.

നുസെയ്‌റത് അഭയാർഥിക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. എന്നാൽ അന്താരാഷ്ട്രസമ്മർദങ്ങൾ നിലനിൽക്കേ, ഗാസാമുനമ്പിലെ കൂടുതൽ ഇടങ്ങളിലേക്ക് സൈനികനപടി വിപുലീകരിക്കുകയാണെന്ന് ഇസ്രയേൽ സൈനികവക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 2000 ഹമാസുകാരെ വധിച്ചെന്നും ഇസ്രയേൽസൈന്യം അറിയിച്ചു. ഗാസയിലെ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുകയാണെന്നും പതിനായിരത്തോളം കുട്ടികളുടെ ജീവൻ അപകടത്തിലാണെന്നും യൂണിസെഫ് അറിയിച്ചു. ഗാസയിലെ 1.55 ലക്ഷം ഗർഭിണികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തിലും ആശങ്കപ്രകടിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ നാനൂറിലധികംപേർ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *