Your Image Description Your Image Description
Your Image Alt Text

അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി നിർമിക്കുന്ന ചാത്തന്നൂർ മത്സ്യ മാർക്കറ്റിൻ്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ കിഫ്ബി ധനസഹായത്തോടെ 65 ആധുനിക മത്സ്യ മാർക്കറ്റുകൾ സ്ഥാപിക്കാനായി സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ പരവൂർ, പാരിപ്പള്ളി,ചാത്തന്നൂർ, കൊട്ടിയം എന്നിവിടങ്ങളിൽ മത്സ്യ മാർക്കറ്റ് നിർമിക്കും. 8.55 കോടി ചെലവഴിച്ച് നിർമിക്കുന്ന ചില്ലക്കൽ ഫിഷ് ലാൻഡ് സെന്ററിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ ഉടനടി പരിഹരിക്കും. മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട വിദ്യാർഥികളുടെ പഠന സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോട്ടപ്പുറം എൽപി സ്കൂൾ രണ്ടുകോടി രൂപ വിനിയോഗിച്ച് നവീകരിക്കും.

പൂക്കുളം സുനാമി കോളനി നവീകരണത്തിനായി 1.60 കോടി രൂപ അനുവദിച്ചു. പുനർഗേഹം, ലൈഫ്, സുനാമി കോളനി തുടങ്ങിയ വിവിധ പാർപ്പിട പദ്ധതികളിലൂടെ അനവധി കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കാൻ സർക്കാരിനായി. മത്സ്യസമ്പദ് വർധനവിലൂടെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.തീരസംരക്ഷണത്തിനായി നൂതന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുള്ള പശ്ചാത്തലത്തിൽ ന്യായമായ വിലയ്ക്ക് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ 5.28 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ചാത്തന്നൂർ മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്നത്.1482.11 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളായി നിർമ്മിക്കുന്ന കെട്ടിടത്തിൽ മത്സ്യവിപണന ഔട്ട്ലറ്റ്ലെറ്റുകൾ, ഇറച്ചിക്കടകൾ, ലേലഹാൾ, പച്ചക്കറി കടകൾ, ഫ്രീസർ മുറി, പ്രിപ്പറേഷൻ മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കും.

ജി എസ് ജയലാൽ എംഎൽഎ അധ്യക്ഷനായി.ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു, സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ പി ഐ ഷെയ്ക് പരീത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *