Your Image Description Your Image Description

തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്‍ലൈറ്റ് തൃത്താലയുടെ ഭാഗമായി പടിഞ്ഞാറങ്ങാടി മാക്‌സ് പ്ലസ് റീജന്‍സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ദിശ’ ഹയര്‍ സ്റ്റഡീസ് എക്സ്പോ ആന്‍ഡ് ജോബ് ഫെസ്റ്റില്‍ മീറ്റ് ദി മിനിസ്റ്റര്‍ സംവാദത്തിൽ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പങ്കെടുത്തു. മാനുഷികവും സാമൂഹികവുമായ ഉള്ളടക്കം വിദ്യാഭ്യാസത്തില്‍ ഉണ്ടാകണമെന്ന്മന്ത്രി പറഞ്ഞു.ഗ്രാമീണ മേഖലയായ തൃത്താലയില്‍ മിടുക്കരായ കുട്ടികളുണ്ട്. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടും ദിശാ ബോധവും നല്‍കുന്നതിനാണ് ദിശ എക്സ്പോ ഒരുക്കിയത്.

മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. നാഷണല്‍ സ്‌കൂള്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം കേരളം ഒന്നാമതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, കരിക്കുലം പരിഷ്‌കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ദേശീയതലത്തില്‍ ഏറ്റവും മികവുറ്റ സ്‌കൂള്‍ വിദ്യാഭ്യാസം സൃഷ്ടിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.

സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ലഭ്യതയും ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ക്ലാസുകളും ഉള്ളത് കേരളത്തിലാണ്. വിദ്യാഭ്യാസത്തെ നിരന്തരമായി നവീകരിച്ചു കൊണ്ടിരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പുതിയ അറിവുകളും പുതിയ ആശയങ്ങളും ഉണ്ടാവുന്നത് പുതിയ ചോദ്യങ്ങളില്‍ നിന്നാണ്. ആത്മവിശ്വാസത്തോടെയാണ് കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നും അത് സന്തോഷം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിങ് സെല്ലിന്റെ സഹകരണത്തോടെയാണ് ദിശ ഹയര്‍ സ്റ്റഡിസ് എക്സ്പോ സംഘടിപ്പിച്ചത്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില), കുടുംബശ്രീ മിഷന്‍ എന്നിവയുടെയും പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയത്. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജിഗോപിനാഥ് വിഷയാവതരണം നടത്തി.

പരിപാടിയുടെ ഭാഗമായി ഭരണഘടനയുടെ വര്‍ത്തമാനം, ഇന്ത്യയുടെ ഭാവി എന്ന വിഷയത്തില്‍ സെമിനാറും നടന്നു. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധിക്ഷയായി. കില അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അമൃത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ടി.കെ നാരായണദാസ്, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *