Your Image Description Your Image Description
Your Image Alt Text

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ( യു വി കിരണങ്ങള്‍) കേരളത്തില്‍ കൂടുതല്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതായി പഠനം. ‘എൻവിയോണ്‍മെന്‍റല്‍ മോണിട്ടറിംഗ്’ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനമാണ് ഇത് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റിസര്‍ച്ചറായ എംവി നിനു കൃഷ്ണനാണ് പഠനത്തിന് നേതൃത്വം നല്‍കിയിട്ടുള്ളത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്‍ഡിഎംഎ)യുമായി സഹകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.

കേരളത്തില്‍ അള്‍ട്രാവയലറ്റ് ഇൻഡെക്സ് (യുവിഐ) കൂടുതലായി കാണപ്പെടുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്. അള്‍ട്രാവയലറ്റ് കിരണങ്ങളേല്‍ക്കുന്നത് നമുക്ക് ദോഷമാണെന്ന് അറിയാമല്ലോ. എന്നാലിത് മനുഷ്യന് ഭീഷണിയാകുന്ന തോതിലെത്തുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ഈ തോതിനെ നിര്‍ണയിക്കാനുള്ള അളവുകോലാണ് യുവിഐ.

കേരളത്തില്‍ നിലവില്‍ യുവി കിരണങ്ങള്‍ മനുഷ്യരുടെ ആരോഗ്യത്തിന് വെല്ലുവിളിയായി ഉയര്‍ന്നിട്ടുണ്ട്, ഇതിലേക്ക് അടിയന്തര ശ്രദ്ധ എത്തേണ്ടതുണ്ട് എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 18 വര്‍ഷത്തില്‍ കേരളത്തില്‍ യുവി കിരണങ്ങളുടെ തോതിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ പഠനം വിശകലനം ചെയ്യുന്നുണ്ട്.

കാലാവസ്ഥ മാറുന്നതിന് (സീസണ്‍) അനുസരിച്ചും, ഓരോ സ്ഥലത്തെയും പ്രകൃതത്തിന് അനുസരിച്ചുമെല്ലാം നേരിട്ട് പതിക്കുന്ന യുവി കിരണങ്ങളുടെ അളവില്‍ വ്യത്യാസം വരാം. പലപ്പോഴും റേഡിയേഷന്‍റെ അത്ര ശക്തമായ കിരണങ്ങളാണ് ഇവിടെ വന്നുപതിക്കുന്നതത്രേ.

79 ശതമാനത്തിലും അധികം യുവിഐ കേരളത്തില്‍ കണ്ടു. എന്നുവച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ തീര്‍ച്ച. അടിയന്തരമായി അധികൃതരുടെ ശ്രദ്ധ എത്തേണ്ടതാണ് ഈ വിഷയത്തിലേക്ക്- പഠനം പറയുന്നു.

ഏതൊക്കെ ജില്ലകളാണ് ഇതില്‍ കൂടുതല്‍ പ്രശ്നം നേരിടുന്നത് എന്നതും പഠനം കണ്ടെത്തിയിരിക്കുന്നു. തൃശൂര്‍, പാലക്കാട്, എറണാകുളത്തിന്‍റെ ചില ഭാഗങ്ങള്‍, ഇടുക്കി, കൊല്ലത്തിന്‍റെ ചില ഭാഗങ്ങള്‍, തിരുവനന്തപുരം എന്നീ ജില്ലകളും പ്രദേശങ്ങളുമാണ് ഇക്കാര്യത്തില്‍ ഏറെ മോശം അവസ്ഥയിലുള്ളതത്രേ. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കൂടുതല്‍ പ്രശ്നം. ഇത് ജൂണ്‍, ജൂലൈ, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കുറഞ്ഞുവരുന്നു.

യുവി കിരണങ്ങള്‍ ഏറെ ഏറ്റുകഴിഞ്ഞാല്‍ അത് ചര്‍മ്മം, കണ്ണുകള്‍ എന്നീ ഭാഗങ്ങളെയാണ് ബാധിക്കുക. അതുപോലെ നമ്മുടെ രോഗപ്രതിരോധശേഷിയും ദുര്‍ബലമാകും. പെട്ടെന്ന് പ്രായം തോന്നിക്കുന്ന രീതിയിലേക്ക് സ്കിൻ എത്തുക, സ്കിൻ രോഗങ്ങള്‍, കണ്ണിനാണെങ്കില്‍ തിമിരം പോലുള്ള രോഗങ്ങള്‍, കാഴ്ച മങ്ങല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ബാധിക്കാം.

എംവി നിനു കൃഷ്ണനൊപ്പം പ്രതീഷ്.സി. മാമ്മൻ, ജോസ് ഫ്രാൻസിസ്കോ ഡി ഒളിവെറ-ജൂനിയര്‍, കെല്‍വി റൊസാല്‍വോ കാര്‍ദോസോ, വിജിത് ഹംസ എന്നിവരും പഠനത്തില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *