Your Image Description Your Image Description
Your Image Alt Text

അകത്തേത്തറ ഗ്രാമപഞ്ചായത്തിന് കീഴിൽ പൈറ്റാംകുന്നം, ശാസ്താംനഗർ എന്നിവിടങ്ങളിൽ സ്നേഹാരാമങ്ങൾ ഒരുങ്ങുന്നു. അകത്തേത്തറ ഗ്രാമപഞ്ചായത്തും കുമരപുരം ജി.എച്ച്.എസ്. എസിലെ എൻ.എസ്.എസ് വളണ്ടിയർമാരും സംയുക്തമായാണ് പൈറ്റാംകുന്നത്ത് സ്നേഹാരാമം ഒരുക്കുന്നത്. റോഡരികിൽ കാടുപിടിച്ചു കിടന്നിരുന്ന 30 മീറ്ററോളം വരുന്ന സ്ഥലത്ത് വയോജന സൗഹൃദ ജൈവവൈവിധ്യ പാർക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ സ്ഥലം വൃത്തിയാക്കി. വയോജനങ്ങൾക്ക് വന്നിരിക്കാനുള്ള ഇരിപ്പിടം, നടപ്പാത, ഊഞ്ഞാലുകൾ, പൂച്ചെടികൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

ശാസ്താനഗറിൽ മൂന്നാം വാർഡിൽ 10 മീറ്ററിൽ താഴെ വരുന്ന സ്ഥലത്താണ് സ്നേഹാരാമം ഒരുക്കുന്നത്. ഗ്രാമപഞ്ചായത്തും ഐ.ടി.ഐയിലെ വനിത എൻ.എസ്.എസ് വളണ്ടിയർമാരും സംയുക്തമായി സ്ഥലം വൃത്തിയാക്കി പൂച്ചെടികൾ നട്ടു. ഇരിപ്പിടം ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

സ്നേഹാരാമം ഒരുക്കുന്നതിനു മുന്നോടിയായി ശാസ്താനഗർ നാലാം വാർഡിൽ മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലം ശുചീകരിച്ച് ശലഭത്താര സജ്ജമാക്കി. അകത്തേത്തറ ഗ്രാമപഞ്ചായത്തും ഗ്രാമപഞ്ചായത്തിന്റെ ജൈവവൈവിധ്യ കമ്മിറ്റിയും തൊഴിലുറപ്പും യുവജന സംഘടനയായ ജെ.സി.ഐയും സംയുക്തമായാണ് ശലഭത്താര നിർമ്മിച്ചത്. ചിത്രശലഭങ്ങൾക്ക് വന്നു പോകാൻ അനുയോജ്യമായിട്ടുള്ള തെച്ചി, യെല്ലോ ഫാം, ചെമ്പരത്തി, കിലുക്കി തുടങ്ങി വിവിധതരം പൂച്ചെടികളാണ് ശലഭത്താരയിൽ സജ്ജീകരിച്ചിട്ടുള്ളത്. തൊഴിലുറപ്പും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ശലഭത്താരയുടെ തുടർ പരിപാലനം നടത്തുന്നത്.

ഇതിന്പുറമെ അകത്തേത്തറ ഗ്രാമപഞ്ചായത്തും പഞ്ചായത്തിന്റെ ജൈവവൈവിധ കമ്മിറ്റിയും കെ.എഫ്.ആർ.ഐയും സംയുക്തമായി അകത്തേത്തറയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന കുന്നംപാറ ശ്മശാനം വൃത്തിയാക്കി ബാംബൂ പാർക്ക് സജ്ജീകരിച്ചു. 150 ഓളം മുളം തൈകളാണ് ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. പഞ്ചായത്തിന്റെ മുളഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായാണ് കുന്നുംപാറ ശ്മശാനത്ത് ബാംബൂ പാർക്ക് നിർമിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *