Your Image Description Your Image Description
Your Image Alt Text

ജില്ലയിലെ 12 ഗവണ്‍മെന്റ് ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങള്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ (എന്‍.എ.ബി.എച്ച്) അംഗീകാരം നേടി. ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചു.

ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള തൃക്കടവൂര്‍, തൊടിയൂര്‍, കുമ്മിള്‍, വെളിയം, ഏരൂര്‍, കുഴിക്കല്‍ഇടവക, ഇരവിപുരം, എന്നീ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ക്കും, ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള കുന്നത്തൂര്‍, കൊട്ടാരക്കര, ആദിച്ചനല്ലൂര്‍, പോളയത്തോട്, കല്ലുവാതുക്കല്‍, എന്നീ ഡിസ്‌പെന്‍സറികള്‍ക്കുമാണ് അംഗീകാരം ലഭിച്ചത്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു.

ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ച് ലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകും. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍ ഉറച്ച ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം.

ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപികരിച്ചു. ഓരോ ജില്ലയിലും എന്‍.എ.ബി.എച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഫെസിലിറ്റേറ്റേഴ്‌സിനെയും നിയോഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവബോധം നല്‍കുന്നതിലേക്കായി മീറ്റിംഗുകള്‍ സംഘടിപ്പിച്ചു. ക്വാളിറ്റി ടീമുകള്‍ക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കും വിവിധ തലങ്ങളില്‍ പരിശീലനങ്ങള്‍ നല്‍കി.

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരിശോധനകള്‍ നടത്തി. മൂല്യനിര്‍ണയ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ആവശ്യമായ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി ഒരു ഡോക്യുമെന്റേഷന്‍ ടീമിനെ രൂപീകരിച്ചു. കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്താദ്യമായി ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്കായുള്ള എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ഇംപ്ലിമെന്റേഷന്‍ കൈപ്പുസ്തകം തയ്യാറാക്കി. വിപുലമായ ഗ്യാപ്പ് അനാലിസിസ് നടത്തി എല്ലാ സ്ഥാപനങ്ങളിലും അവശ്യമായ മുഴുവന്‍ ബയോമെഡിക്കല്‍ ഉപകരണങ്ങളുടെയും ലബോറട്ടറി ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *