Your Image Description Your Image Description

ഫ്‌ലോറിഡ: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളില്‍ പുതിയ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിന് തുടര്‍ന്നാണ് ശുഭാംശു അടക്കം ഭാഗമായ ആക്‌സിയം 4 ദൗത്യം മാറ്റിവയ്ക്കുകയാണെന്ന് നാസ അറിയിച്ചു. പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചിട്ടില്ല. നിലയത്തിലെ സ്വെസ്ദ എന്ന റഷ്യന്‍ മൊഡ്യൂളില്‍ മര്‍ദ്ദ വ്യതിയാനം കണ്ടെത്തിയതാണ് പുതിയ പ്രതിസന്ധി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ മൊഡ്യൂളിലെ ചില ചോര്‍ച്ചകള്‍ റഷ്യന്‍ കോസ്മനോട്ടുകള്‍ പരിഹരിച്ചിരുന്നു.

പുതിയ പ്രശ്‌നം വിശദമായി പഠിക്കാന്‍ സമയം വേണമെന്നാണ് നാസയുടെയും റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസിന്റെയും അഭിപ്രായം. പരിശോധനകള്‍ പൂര്‍ത്തിയാക്കും വരെ ആക്‌സിയം 4 ദൗത്യം മാറ്റിവയ്ക്കാനാണ് തീരുമാനം. ആദ്യം മേയ് 29ന് നിശ്ചയിച്ചിരുന്ന ദൗത്യം ആദ്യം കാലാവസ്ഥ പ്രശ്‌നവും പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ദ്രവീകൃത ഓക്‌സിജന്‍ ചോര്‍ച്ച കാരണവും നാല് വട്ടം മാറ്റി വച്ചിരുന്നു. ലോഞ്ച് പാഡില്‍ തുടരുന്ന റോക്കറ്റില്‍ സ്‌പേസ് എക്‌സ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വിക്ഷേപണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബഹിരാകാശ നിലയത്തിലെ പ്രശ്‌നം പുറത്തുവരുന്നത്. നിലവില്‍ ശുഭാംശുവും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്. ഇസ്രൊ ചെയര്‍മാന്‍ അടക്കമുള്ള 18 അംഗ ഇന്ത്യന്‍ സംഘവും ഫ്‌ലോറിഡയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *