Your Image Description Your Image Description
Your Image Alt Text

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ആര്‍ട്ട് ഗ്യാലറിയോട് കൂടിയ സാംസ്‌കാരിക നിലയം യാഥാര്‍ഥ്യമാകുന്നു. റര്‍ബ്ബണ്‍ മിഷന്റെ 1.43 കോടി രൂപ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തനോദ്ഘാടനം ജനുവരി 21 ന് വൈകീട്ട് നാലിന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിക്കും.

അണ്ടത്തോട് 18-ാം വാര്‍ഡില്‍ ഇരുനില കെട്ടിടത്തിലായി ഒരുക്കിയ സാംസ്‌കാരിക നിലയം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വി.പി മാമ്മുവിന്റെ സ്മരണാര്‍ഥമാണ് നിര്‍മ്മിച്ചത്. 19 വര്‍ഷം മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പല സാങ്കേതിക കാരണങ്ങളാലും ഫണ്ടിന്റെ അപര്യാപ്തത കൊണ്ടും പണി മന്ദഗതിയിലായി. പ്രളയവും കോവിഡും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. തുടര്‍ന്ന് പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക നിലയം എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഫണ്ടില്‍ നിന്ന് മൂന്ന് പദ്ധതികളിലായി 45 ലക്ഷം രൂപ ഇന്റീരിയര്‍ വര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചു.

300 ഓളം പേര്‍ക്ക് പങ്കെടുക്കാവുന്ന വിവാഹ മണ്ഡപത്തിനുള്ള സൗകര്യവും സാംസ്‌കാരിക നിലയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേര്‍ന്ന ആര്‍ട് ഗ്യാലറി, ചിത്ര പ്രദര്‍ശനത്തോടൊപ്പം വിനോദ സഞ്ചാരികള്‍ക്കായി കേരളീയ കലാരൂപങ്ങള്‍ അരങ്ങേറുന്നതിനും ഉപയോഗപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *