Your Image Description Your Image Description

അമേരിക്കൻ രാഷ്ട്രീയത്തിൽ എലോൺ മസ്ക് ശക്തനാകുന്നതിനിടെ മസ്കിന്റെ ടെസ്ല കാറുകൾ യൂറോപ്പിൽ കിതയ്ക്കുന്നു. യൂറോപ്പിൽ ടെസ്ല കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഏപ്രിലിൽ മാത്രം ടെസ്ല കാറുകളുടെ വിൽപ്പനയിൽ 49 ശതമാനം ഇടിവുണ്ടായി എന്നാണ് റിപ്പോർട്ട്. യൂറോപ്പിൽ ഇലക്ട്രിക് കാർ വിപണി അതിവേ​ഗം വളരുമ്പോഴാണ് ടെസ്ല തിരിച്ചടി നേരിടുന്നത് എന്നതും ശ്രദ്ധേയമാണ്.

7,261 ടെസ്‌ലകളാണ് യൂറോപിൽ കഴിഞ്ഞ മാസം വിറ്റതെന്നാണ് യൂറോപ്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻറെ കണക്കുകൾ. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 49 ശതമാനം കുറവാണ്. യൂറോപിലെ ഏപ്രിൽ മാസത്തെ വൈദ്യുത കാർ വിൽപന 34.1 ശതമാനം വർധിച്ചു എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലും ടെസ്‌ലയുടെ വിൽപ്പനയിൽ കുത്തനെ ഇടിവ് സംഭവിച്ചത് ​ഗുണകരമായത് ചൈനീസ് കമ്പനികൾക്കാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അമേരിക്കൻ രാഷ്ട്രീയത്തിൽ സിഇഒ എലോൺ മസ്‌ക് സജീവമായി ഇടപെട്ടു തുടങ്ങിയ 2024 മുതൽ ടെസ്‌ലയുടെ ബ്രാൻഡ് മൂല്യം ഇടിയുകയാണ്. ഈ വർഷം തുടക്കത്തിൽ ജർമനിയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിക്കൊപ്പം എലോൺ മസ്‌ക് കൈകോർത്തിരുന്നു. സ്‌കാൻഡിനേവിയൻ തൊഴിലാളി സംഘടനകളിൽ നിന്നും ടെസ്‌ലക്ക് എതിർപ്പ് നേരിടേണ്ടി വന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി മസ്‌ക് 300 ദശലക്ഷം ഡോളർ ചിലവാക്കിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ തന്നെ ടെസ്‌ലയുടെ വിൽപന 40 ശതമാനം ഇടിഞ്ഞിരുന്നു.

ടെസ്ല വിൽപനയിൽ ഇടിവു നേരിടുമ്പോൾ ചൈനീസ് വൈദ്യുത കാർ നിർമാതാക്കൾ വൻ കുതിപ്പ് തുടരുന്നുമുണ്ട്. യൂറോപ്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ കണക്കു പ്രകാരം ചൈനീസ് ഇവി, ഹൈബ്രിഡ് കമ്പനികൾ 59 ശതമാനം വിൽപന വളർച്ചയാണ് ഏപ്രിലിൽ യൂറോപ്യൻ വിപണിയിൽ നേടിയിരിക്കുന്നത്. മാർച്ചിൽ 28 ശതമാനം വിൽപന തളർച്ച ടെസ്‌ല നേരിട്ടിരുന്നു. ഫെബ്രുവരിയിലാവട്ടെ 43 ശതമാനമായിരുന്നു വിൽപനയിലുണ്ടായ ഇടിവ്. രാജ്യാന്തര തലത്തിലും ടെസ്‌ല 13 ശതമാനത്തിന്റെ വിൽപന ഇടിവാണ് ഇക്കഴിഞ്ഞ പാദവാർഷികത്തിൽ നേടിയത്.

മെയ് മാസത്തിൽ ടെസ്‌ലയുടെ ഓഹരികളുടെ മൂല്യം ഉയർന്നതും എലോൺ മസ്‌കിന് പ്രതീക്ഷയായിരുന്നു. ഒപ്പം പ്രധാന എതിരാളിയായ ചൈനീസ് കമ്പനി ബിവൈഡിയുടെ ഓഹരി ഒമ്പത് ശതമാനം മൂല്യം കുറയുകയും ചെയ്തു. ബിവൈഡി വാഹനങ്ങൾക്ക് 15-30 ശതമാനം ഡിസ്‌കൗണ്ട് നൽകാനുള്ള തീരുമാനത്തിനു പിന്നാലെയായിരുന്നു ഇത്. അപ്പോഴും രാജ്യാന്തര നിക്ഷേപ, ബാങ്കിങ്, സാമ്പത്തിക സേവന സ്ഥാപനമായ ജെപി മോർഗൻ വാർഷിക കണക്കെടുപ്പിൽ ബിവൈഡി ലാഭം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

യൂറോപിൽ ചൈനീസ് കമ്പനി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ടെസ്‌ലയേക്കാൾ 66 ഇവികൾ കൂടുതൽ വിൽക്കാൻ ബിവൈഡിക്ക് സാധിച്ചു. വ്യത്യാസം ചെറുതെങ്കിലും മുന്നിലെത്താൻ ചൈനീസ് കമ്പനിക്കായത് ചെറിയ കാര്യമല്ല. 2025 ആരംഭിച്ചതിനു ശേഷം യൂറോപിൽ ടെസ്‌ലയുടെ വിൽപന 39 ശതമാനമാണ് കുറഞ്ഞത്.

അതേസമയം, ചൈനീസ് കമ്പനികൾക്കു പുറമേ യൂറോപ്യൻ ഇലക്ട്രിക് കാർ വിപണിയിൽ ഫോക്‌സ്‌വാഗൺ, ബിഎംഡബ്ല്യു, റെനോ എന്നീ കമ്പനികളും നേട്ടമുണ്ടാക്കുന്നുണ്ട്. തങ്ങൾ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് മസ്കിന്റെ കമ്പനിക്ക് വ്യക്തമായ ധാരണയുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കുകയാണ് ടെസ്ല. മോഡൽ വൈ, മോഡൽ എസ് എന്നിവയുടെ വില കുറഞ്ഞ മോഡലുകൾ പുറത്തിറക്കാനും ടെസ്‌ലക്ക് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *