Your Image Description Your Image Description

അതിർത്തി പ്രദേശമായ ബുറൈമിയിൽ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്ന കരാറിൽ യുഎഇയും ഒമാനും ഒപ്പുവച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ ഒമാൻ സന്ദർശനത്തോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പിട്ടത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. യുഎഇയെ പ്രതിനിധീകരിച്ച് ഡിപി വേൾഡ് സിഇഒയും ഗ്രൂപ്പ് ചെയർമാനുമായ സുൽത്താൻ അഹ്മദ് ബിൻ സുലായമും ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സെപ്ഷ്യൽ ഇക്കണോമിക് സോൺസ് ഡപ്യൂട്ടി ചെയർമാൻ അഹ്മദ് ബിൻ ഹസ്സൻ അൽദീബും ഒപ്പുവച്ചു. യുഎഇ-ഒമാൻ സംയുക്ത സംരംഭത്തിന്റെ ഭൂരിഭാഗം ഓഹരികളും ഡിപി വേൾഡിനാകും.ബിസിനസ് സൗഹൃദ അന്തരീക്ഷമുള്ള പുതിയ സാമ്പത്തിക മേഖലയിലേക്ക് സ്മാർട്ട് സാങ്കേതികവിദ്യയിൽ ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിനൊപ്പം ഒട്ടേറെ പേർക്ക് തൊഴിലും ലഭ്യമാക്കുമെന്ന് അഹ്മദ് ബിൻ ഹസ്സൻ അൽദീബ് പറഞ്ഞു. അതിർത്തി പ്രദേശത്ത് സജ്ജമാക്കുന്ന സാമ്പത്തിക മേഖലയിൽനിന്ന് ഒമാനിലെ സൊഹാർ, യുഎഇയിലെ ജബൽഅലി തുറമുഖങ്ങൾ വഴി അനായാസം ചരക്കു കൈമാറ്റം സാധ്യമാകും. ഇതുവഴി രാജ്യാന്തര വിപണിയിലേക്കും എളുപ്പം എത്തിച്ചേരാനാകും.

Leave a Reply

Your email address will not be published. Required fields are marked *