Your Image Description Your Image Description

തിരുവനന്തപുരം : സമഗ്ര ഗുണനിലവാര വിദ്യാഭ്യാസ പദ്ധതി, നവീകരിച്ച പാഠ്യപദ്ധതി, സ്കൂൾ ഒളിമ്പിക്സ്, കലോത്സവങ്ങൾ, ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം തുടങ്ങിയ പദ്ധതികളുടെ വിജയത്തിന് പിന്നിൽ അധ്യാപകരുടെയും രക്ഷിതാക്കളുടേയും സമൂഹത്തിന്റെയും പങ്കാളിത്തമുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.

നമുക്ക് അഭിമാനിക്കാനാകുന്ന തലമുറയെ നാം ഒരുമിച്ച് വളർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വാമനപുരം നിയോജക മണ്ഡലത്തിലെ അക്ഷരോത്സവവും എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികളെ അനുമോദിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസം ഭാവിയുടെ മാത്രമല്ല, പുരോഗമന സമൂഹത്തിന്റെയും ആത്മാവാണ്. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങൾ നടത്തി. ‘വിഷയ മിനിമം’ മാതൃകയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ സമഗ്ര ഗുണനിലവാര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഓരോ കുട്ടിയും ആവശ്യമായ പഠനമാനദണ്ഡങ്ങൾ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കി. പഠന വിടവുകൾ നികത്താനും സഹപാഠികളോടൊപ്പം മുന്നോട്ട് പോവാനും സർക്കാർ കൈത്താങ്ങായി.

നവീകരിച്ച പാഠ്യപദ്ധതിയിലൂടെ ആഗോള പ്രസക്തിയുള്ള വിഷയങ്ങളും ജീവിതപരിചയങ്ങളും ഒരുമിച്ചുള്ള പഠനം വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ചു. സാങ്കേതിക വിജ്ഞാനം, പരിസ്ഥിതി ബോധം, വിമർശനാത്മക ചിന്ത തുടങ്ങിയവ കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു.

അധ്യാപക നിയമനങ്ങളിൽ ഉണ്ടായ സുതാര്യതയും യോഗ്യതാപരിശോധനയും സ്കൂളുകളിൽ നല്ല അധ്യാപകരെ എത്തിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപിച്ച അയ്യായിരം കോടിയിലധികം രൂപ സ്മാർട്ട് ക്ലാസ് മുറികൾ മുതൽ ശുചിത്വ സൗകര്യങ്ങൾ വരെയുള്ള മാറ്റങ്ങൾ കൊണ്ടുവന്നു. സ്കൂൾ ഒളിമ്പിക്സും, കലോത്സവങ്ങളുമെല്ലാം വിദ്യാർത്ഥികളിൽ ഐക്യവും ടീം സ്പിരിറ്റും വളർത്തുന്നു.‘ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം’ പോലുള്ള സംരംഭങ്ങൾ, ഓരോ വിദ്യാർത്ഥിയെയും പരിസ്ഥിതിയുടെ സംരക്ഷകരായി മാറ്റാൻ സഹായിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡി.കെ മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. എ.എ. റഹിം എം.പി മുഖ്യാതിഥിയായിരുന്നു. സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി മുഖ്യപ്രഭാഷണം നടത്തി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം തുടങ്ങിയവർ പങ്കെടുത്തു.

date

Leave a Reply

Your email address will not be published. Required fields are marked *