Your Image Description Your Image Description

തൃശൂർ : കാലവർഷത്തിൽ മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും മത്സ്യ വിഭവ സംരക്ഷണത്തിനുമായി നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്. ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അർദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസത്തേക്കാണ് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം നടപ്പാക്കുക. ഇതിനായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ തുറന്നു. കണ്‍ട്രോള്‍ റൂമിലേക്ക് 0480 2996090 എന്ന നമ്പറിൽ വിളിച്ച് അപകട വിവരങ്ങള്‍ അറിയിക്കാം.

കടല്‍ രക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ക്യു ആർ കോഡ് ഉള്ള ആധാര്‍ രേഖ കയ്യില്‍ കരുതണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു. കടലിൽ പോകുന്നവർ ബോട്ടിന്റെ രജിസ്‌ട്രേഷൻ, ലൈസൻസ്, പെർമിറ്റ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് രേഖ, എന്നിവ കരുതേണ്ടതും ലൈഫ് ജാക്കറ്റ് ധരിക്കേണ്ടതുമാണ്. കളർ കോഡിങ് പൂർത്തിയാക്കാത്ത മത്സ്യബന്ധന ബോട്ടുകൾ ഉടനെ പൂർത്തിയാക്കേണ്ടതാണ്.

ട്രോളിങ് നിരോധനമുള്ള സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാകില്ല. എന്നാൽ ഇതര സംസ്ഥാന ബോട്ടുകൾ, വള്ളങ്ങൾ എന്നിവ ജില്ലയുടെ തീരത്ത് മീൻപിടിക്കാനോ, മീൻ ഇറക്കാനോ പാടില്ല. ചെറുമീനുകളെ പിടിച്ചാൽ ബോട്ട് പിടിച്ചെടുത്ത് ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ട്രോളിങ് നിരോധന കാലയളവിൽ രാസവസ്തുക്കൾ കലർന്നതോ പഴകിയതോ ആയ മത്സ്യം വരുന്നത് തടയാൻ ഫുഡ് സേഫ്റ്റി വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്തും.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. സീമയുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനങ്ങൾ എകോപ്പിപ്പിക്കും. ഇന്ത്യൻ നേവിയിൽ നിന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്നും പ്രത്യേക പരീശീലനം ലഭിച്ച മറൈൻ എൻഫോഴ്സ് ഓഫീസർമാർ റെസ്ക്യൂ ഓപ്പേറേഷനുകൾ കോ-ഓർഡിനേറ്റ് ചെയ്യും. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളി യുവാക്കളെ കടല്‍ രക്ഷാസേന അംഗങ്ങളായി രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ നിയോഗിക്കുമെന്നും ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *