Your Image Description Your Image Description

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി അഫാന്റെ അച്ഛന്റെ അമ്മ സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം പാങ്ങോട് പൊലീസ് സമര്‍പ്പിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യകയുമെന്ന് കുറ്റപത്രം.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് 88-ാം ദിവസമാണ് പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. അമ്മൂമ്മയും സഹോദരനെയും കാമുകിയെയും അച്ഛന്റെയും സഹോദരനെയും ഭാര്യയുമാണ് അഫാന്‍ കൊലപ്പെടുത്തിയത്. ആദ്യം കൊലചെയ്യുന്നത് 95 വയസ്സുള്ള സല്‍മ ബീവിയെയാണ്. തനിച്ച് വീട്ടില്‍ താമസിച്ചിരുന്ന വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ ധൂര്‍ത്തും വഴിവിട്ട ജിവിതവും സല്‍മ ബീവി എതിര്‍ത്തിരുന്നു. കഴുത്തില്‍ കിടന്ന സ്വര്‍ണമാല അഫാന്‍ ആവശ്യപ്പെട്ടുവെങ്കിലും വൃദ്ധ നല്‍കിയില്ല. ഈ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് കുറ്റപത്രം. സല്‍മ ബീവിയെ വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് നാട്ടുകാര്‍ കാണുന്നത്. സ്വാഭാവികമരണത്തിനാണ് ആദ്യം കേസെടുക്കുന്നത്. പ്രതി അഫാന്‍ സ്റ്റേഷനില്‍ വന്ന് കുറ്റസമ്മതം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായതും കൊലകുറ്റം ചുമത്തിയതും.

പാങ്ങോട് പൊലീസെടുത്ത് കേസിലാണ് ആദ്യ കുറ്റപത്രം. 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളും 40 തൊണ്ടിമുതലുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് കൊലപാതകങ്ങളിലെ കുറ്റപത്രങ്ങളും 10 ദിവസത്തിനകം സമര്‍പ്പിക്കും. വെഞ്ഞാറമൂട്, കിളിമാനൂര്‍ ഇന്‍സ്‌പെക്ടര്‍മാരാണ് മറ്റ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ ഉടന്‍ നടത്താനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *