Your Image Description Your Image Description

സ്വന്തം വീട്ടിലെ പിഞ്ചുകുഞ്ഞിനെ പോലും ലൈം​ഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയ വാർത്തയുടെ ഞെട്ടലിലാണ് കേരളം. നമ്മുടെ സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈം​ഗിക ചൂഷണങ്ങൾക്ക് ഇരകളാകുന്ന സംഭവങ്ങൾ കൂടിവരികയാണ്. കൗമാരക്കാർ മാത്രമല്ല, പിഞ്ചു കുഞ്ഞുങ്ങൾ പോലും ഇത്തരത്തിൽ ക്രൂരതകൾക്ക് ഇരകളാകാറുണ്ട്. എന്തുകൊണ്ടാണ് മനുഷ്യർ പിഞ്ചുകുഞ്ഞുങ്ങളെ പോലും തങ്ങളുടെ കാമവെറിക്ക് ഇരകളാക്കുന്നത്. ഇതുസംബന്ധിച്ച് മാനസികാരോ​ഗ്യ വിദ​ഗ്ധർ പറയുന്ന കാര്യങ്ങൾ പൊതുസമൂഹം വളരെ ​ഗൗരവത്തോടെ മനസ്സിലാക്കേണ്ടവയാണ്,

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പ്രധാനമായും രണ്ടു തരത്തിലുള്ള ആളുകളാണെന്ന് മാനസികാരോ​ഗ്യ മേഖലയിലെ വിദ​ഗ്ധർ പറയുന്നു. കുട്ടികളോട് മാത്രമല്ല ഏതൊരു പ്രായത്തിൽ ഉള്ളവരെയും കാമാസക്തിയോടെ മാത്രം കാണുകയും സമീപിക്കുകയും ചെയ്യുന്നവരും കുട്ടികളോട് മാത്രം ലൈംഗിക അഭിനിവേശം പുലർത്തുന്നവരും എന്നാണ് ഇക്കൂട്ടരെ രണ്ടായി തിരിച്ചിരിക്കുന്നത്. ആദ്യ വിഭാ​ഗത്തിൽ പറയുന്നവർ തങ്ങളുടെ ലൈം​ഗികാസക്തി ശമിപ്പിക്കാൻ മുതിർന്നവരെ കിട്ടിയില്ലെങ്കിൽ കുട്ടികളെ ലക്ഷ്യമിടുകയാണ് ചെയ്യുന്നത്. സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരോ ഉൾപ്രേരണകളെ നിയന്ത്രിക്കാൻ കഴിയാത്ത ഇംപൾസ് കൺട്രോൾ ഡിസോർഡർ ഉള്ളവരോ ലൈംഗികതയെക്കുറിച്ചുള്ള വികലമായ ധാരണകൾ ഉള്ള കൗമാരക്കാരോ ബുദ്ധിമാന്ദ്യമുള്ളവരോ ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടവരോ ഉന്മാദം മുതലായ മറ്റു മാനസിക രോഗങ്ങൾ ഉള്ളവരോ ആകാം ഇക്കൂട്ടർ.

കുട്ടികളോട് മാത്രം ലൈംഗിക അഭിനിവേശം പുലർത്തുന്ന രണ്ടാമത്തെ കൂട്ടരെ വീണ്ടും മൂന്നായി തരംതിരിച്ചിട്ടുണ്ട് മാനസികാരോ​ഗ്യ വിദ​ഗ്ധർ. പീഡോഫിലിക്ക്, ഹെബിഫെലിക്, എപ്പി ബോഫിലിക്ക് എന്നിങ്ങനെയാണ് ഇവരെ തരംതിരിക്കുന്നത്. യൗവന പ്രാപ്തി ആകുന്നതിനു മുൻപുള്ള കുഞ്ഞുങ്ങളോട് ലൈം​ഗികാഭിനിവേശം പുലർത്തുന്നവരാണ് പീഡോഫിലിക്ക്. യൗവന പ്രാപ്തി ആയവരും 14 വയസ്സിൽ താഴെയുള്ള കുട്ടികളോടുള്ള അഭിനിവേശം ഉള്ളവരെ ഹെബിഫിലിക് എന്നും 14 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളോടുള്ള അഭിനിവേശം ഉള്ളവരെ എഫിബോഫിലിക് എന്നുമാണ് തരംതിരിച്ചിരിക്കുന്നത്.

ഇത്തരം മാനസിക വൈകല്യമുള്ളവരിൽ 50ശതമാനം പേർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയോ അവരുടെ ലൈംഗിക ചിത്രങ്ങൾ കാണുന്നതിന് താല്പര്യമുള്ളവരോ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാക്കിയുള്ള 50 ശതമാനം പേർ ഭാവന കണ്ട് സംതൃപ്തി അടയുന്നവരാണ്. ഇവർ സാധാരണഗതിയിൽ കുട്ടികളെ ചൂഷണം ചെയ്യണമെന്നും ഇല്ല. അതിനാൽ സമൂഹത്തിൽ ഇവരെ തിരിച്ചറിയാനും പ്രയാസമാണ്.

ജാ​ഗ്രത തന്നെയാണ് കുട്ടികളുടെ സംരക്ഷണത്തിന് പ്രധാനമെന്നും മാനസികാരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വളരെ ചെറിയ പ്രായത്തിൽ കുഞ്ഞുങ്ങളെ അടുത്ത ബന്ധുക്കൾക്കടുത്ത് പോലും തനിച്ചാക്കാതിരിക്കാൻ ശ്രമിക്കാം. തിരിച്ചറിവാകുന്നതോടെ ​ഗുഡ് ടച്ചും ബാഡ് ടച്ചും സംബന്ധിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. എന്തു സംഭവിച്ചാലും തങ്ങളോട് പറയണമെന്ന് മാതാപിതാക്കൾ കുട്ടികൾക്ക് നിർദ്ദേശം നൽകണം. കുഞ്ഞുങ്ങളുമായി സംസാരിക്കാൻ സമയം കണ്ടെത്തുന്നതിലൂടെ അവർ ഇടപഴകുന്ന മനുഷ്യരുടെ സ്വഭാവം മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *