Your Image Description Your Image Description

ജില്ലയിലെ കക്കൂസ് മാലിന്യം ചേർത്തല ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിൽ (എഫ്.എസ്.ടി. പി.) എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിയമം ലംഘിച്ച് അനധികൃതമായി മാലിന്യം ശേഖരിച്ച് വഴിയിൽ തള്ളുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ

സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. എഫ്. എസ്. ടി.പിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

ചേർത്തലയിൽ പുതുതായി ഉദ്ഘാടനം ചെയ്ത ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന് പ്രതിദിനം 2.5 ലക്ഷം ലിറ്റർ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ഒരു ദിവസം ബുക്ക് ചെയ്തെത്തുന്ന 2-3 ലോഡ് മാലിന്യം മാത്രമാണ് നിലവിൽ ഇവിടെ സംസ്കരിക്കുന്നത് 68 ടാങ്കറുകളാണ് ചേർത്തല നഗരസഭയിൽ ശുചിമുറി മാലിന്യ ശേഖരണത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ എട്ട് ടാങ്കറുകൾ മാത്രമാണ് ഇതുവരെ പ്ലാന്റിൽ ലോഡ് എത്തിച്ചിട്ടുള്ളത്. ബാക്കി വാഹനങ്ങൾ എടുക്കുന്ന ലോഡുകൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നുള്ള വിവരങ്ങൾ ഡി. എൽ. റ്റി. ടി. സംവിധാനം വഴി ആർടിഒയും പൊലീസും കൃത്യമായി നിരീക്ഷിച്ച് വരുംദിവസങ്ങളിൽ അറിയിക്കണമെന്നും അനധികൃതമായി മാലിന്യ ശേഖരണം നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
വീടുകളിലെ കക്കൂസ് മാലിന്യം വഴിയരികിൽ തള്ളാതെ പ്ലാന്റിൽ എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങൾക്ക് സെപ്റ്റിക് ടാങ്ക് ക്ലീനിങ് സേവനമായ ചേലൊത്ത ചേർത്തല ആപ്പ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ മാർഗം സ്വീകരിക്കാതെ അനധികൃതമായി ടാങ്കർ ഉടമകളുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് സെപ്റ്റിക് മാലിന്യം കൈമാറുകയും ആ മാലിന്യവുമായി വാഹനങ്ങൾ പിടിക്കപ്പെടുകയും ചെയ്താൽ മാലിന്യം കൈമാറിയവർക്കെതിരെയും വാഹനത്തിനെതിരെയും 25000 രൂപ പിഴ അടക്കമുള്ള നിയമനടപടി സ്വീകരിക്കും. http://chelothacherthala.in എന്ന ആപ്പ് മുഖേനയും 7356812811 എന്ന ഫോൺ നമ്പർ മുഖേനയും സേവനത്തിനായി രജിസ്റ്റർ ചെയ്യാം.
ശുചിമുറി മാലിന്യ സംസ്കരണത്തിനായി 30 കിലോമീറ്ററിനുള്ളിൽ നഗരസഭ ഈടാക്കുന്ന നിരക്ക് ( ബ്രാക്കറ്റിൽ ടാങ്കറുകൾ പ്ലാന്റിന് നൽകേണ്ട തുക )

5000 ലിറ്റർ വരെ 4000 രൂപ (1000)
5000 -6000 ലിറ്റർ 5000 രൂപ (1000)
6000 – 8000 ലിറ്റർ 6000 രൂപ (1500)
8000 – 15000 ലിറ്റർ 8000 രൂപ (2000)

Leave a Reply

Your email address will not be published. Required fields are marked *