Your Image Description Your Image Description

ആഗോള വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ സ്വര്‍ണ വിലയില്‍ കനത്ത ചാഞ്ചാട്ടമാണ് തുടരുന്നത് . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വിലയിൽ അസാധാരണമായ കയറ്റിറക്കങ്ങളാണ് ദൃശ്യമായത്. ട്രംപിന്റെ തീരുവ നിലപാടുകളും അമേരിക്കന്‍ സാമ്പത്തിക രംഗത്തെ തളര്‍ച്ചയുമാണ് വിലയില്‍ ചാഞ്ചാട്ടം ശക്തമാക്കുന്നത്.

ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 3,310 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. അമേരിക്ക കടുത്ത മാന്ദ്യ ഭീഷണിയിലാണെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ സൂചന നല്‍കിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോള ഫണ്ടുകള്‍ വാങ്ങല്‍ ശക്തമാക്കിയതാണ് വിലയില്‍ കുതിപ്പുണ്ടാക്കിയത്. ഇതോടെ ഡോളറും യു.എസ് ബോണ്ടുകളും വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു.

കേരളത്തില്‍ പവന്‍ വില 1760 രൂപ ഉയര്‍ന്ന് 71,440 രൂപയിലെത്തി. ഗ്രാമിന് 220 രൂപ വര്‍ദ്ധിച്ച് 8,930 രൂപയായി. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് നിലവില്‍ പവന്റെ റെക്കാഡ് വില. മേയ് 15 ന് പവന് 1,560 രൂപ ഇടിഞ്ഞ് 68,880 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം വില വീണ്ടും കുതിച്ചുയര്‍ന്നു.

ഒരാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 2,640 രൂപയുടെ വര്‍ദ്ധനയാണുണ്ടായത് . ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ തുടര്‍ച്ചയായി തിരിച്ചടി നേരിടുകയാണ്. പൊതുകടം കുത്തനെ കൂടിയതിനാല്‍ ആഗോള ധന ഏജന്‍സിയായ മൂഡീസ് അമേരിക്കയുടെ സോവറിന്‍ റേറ്റിംഗ് കുറച്ചതാണ് പ്രധാനമായും ഡോളറിന് വെല്ലുവിളിയായത്.

അമേരിക്കയുടെ ധനകമ്മി കൂടുമെന്ന ആശങ്കയും ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചേക്കുമെന്ന വിലയിരുത്തലും ഡോളറിന് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇതോടെയാണ് സുരക്ഷിതത്വം തേടി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചേക്കേറിയത്.

ട്രംപിന്റെ പുതിയ ധന ബില്‍ ,അമേരിക്കയുടെ പൊതു കടത്തില്‍ അഞ്ച് ലക്ഷം കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടാക്കും. ട്രംപിന്റെ തീരുവ നടപടികള്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാകുമെന്ന ഫെഡറല്‍ റിസര്‍വ് നിലപാടും തിരിച്ചടിയാണ് .

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് രാഷ്ട്രീയ സംഘര്‍ഷം ശക്തമാക്കുന്നു.ഇതെല്ലം കൂടിയായപ്പോൾ ലോക സാമ്പത്തിക ലോകം ആടിയുലയുകയാണ് .

സ്വർണ്ണ വിലയിങ്ങനെ കുത്തനെ ഉയരുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ സ്വർണ്ണ വ്യാപാരികളെയാണ് . സ്വർണ്ണക്കടകളിൽ വ്യാപാരം കുറഞ്ഞു , പ്രത്യേകിച്ച് വിവാഹ കമ്പോളത്തിൽ സ്വർണ്ണത്തിന്റെ ഉപയോഗം കുറഞ്ഞതും തിരിച്ചടിയായി .

നേരത്തെയൊക്കെ ഏറ്റവും കുറഞ്ഞത് 25 ഉം മുപ്പതും പവനോക്കെ കല്യാണ പാർട്ടികൾ വാങ്ങിയിരുന്നത് ഇപ്പോൾ വെറും പത്തു പവനിലേയ്ക്ക് താഴ്ന്നു . സാധാരണക്കാരൊക്കെ പത്തു പവന്റെ സ്വർണ്ണമാണ് കല്യാണത്തിന് വാങ്ങുന്നത് .

അത്യാവശ്യം മാലയും കമ്മലും വളയും കൊണ്ടൊക്കെ തൃപ്തിപ്പെടും . ഇപ്പോൾ വധു ശരീരം മൊത്തം സ്വർണ്ണം അണിഞ്ഞു വരുന്നത് യഥാർത്ഥ സ്വർണ്ണമല്ല , ഡ്യൂപ്ലിക്കേറ്റ് സ്വർണ്ണമാണ്. ഒരു ഗ്രാമ തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ വാടകയ്ക്ക് കിട്ടും ,

ബുട്ടീഷൻമാർ വധുവിനെ ഒരുക്കുമ്പോൾ ഈ ആഭരണങ്ങളുമിട്ടാണ് ഒരുക്കി കല്യാണ മണ്ഡപത്തിലേക്ക് കയറ്റിവിടുന്നത് , കല്യാണം കഴിഞ്ഞു ഇത് തിരികെ വാങ്ങും , രണ്ടു മണിക്കൂർ നേരത്തേയ്ക്ക് വാടക കൊടുക്കണം .

കല്യാണപ്പെണ്ണും ഹാപ്പി , ബ്യുട്ടിപാര്ലറുകരും ഹാപ്പി , ഹാപ്പിയല്ലാത്തത് കല്യാണ ചെറുക്കന്റെ വീട്ടുകാരും .ഇതിപ്പോൾ വലിയ ബിസിനസ്സായി മാറി.

Leave a Reply

Your email address will not be published. Required fields are marked *