Your Image Description Your Image Description

തിരുവനന്തപുരം : വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിനെയാകെ കാലത്തിനനുസരിച്ച് ആധുനിക വൽക്കരിക്കുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഓഫീസുകളിൽ സമ്പൂർണ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനം പട്ടം സബ്‌രജിസ്ട്രാർ ഓഫീസിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

160 വർഷത്തിലേറെ പാരമ്പര്യമുള്ളതാണ് നമ്മുടെ രജിസ്‌ട്രേഷൻ വകുപ്പ്. 1865 ൽ കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സബ്‌രജിസ്ട്രാറാഫീസ് സ്ഥാപിതമായത്.

സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകളിൽ രണ്ടാംസ്ഥാനത്ത് രജിസ്‌ട്രേഷൻ വകുപ്പാണ്. 5579 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം. തൊട്ടു മുൻപത്തെ വർഷം ഇത് 5219 രൂപയായിരുന്നു. ഇതിന്റെ ഭാഗമായി ഒട്ടേറെ പരിഷ്‌കാരങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. നമ്മുടെ 315 രജിസ്ട്രാറാഫീസുകളും കമ്പ്യൂട്ടർ വൽക്കരിച്ചുകൊണ്ട് പല സേവനങ്ങളും ഓൺലൈനായി തന്നെ ലഭ്യമാക്കിയതിന്റെ ഭാഗമായി പൊതുജനങൾക്ക് ആവശ്യമായ സേവനങ്ങൾ സുഗമമായും സുതാര്യമായും ലഭ്യമാക്കാൻ സാധിച്ചുവരുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്ബിയിലൂടെ പഴയ കെട്ടിടങ്ങൾ നവീകരിക്കുന്ന പദ്ധതി നടപ്പാക്കി. ഇതിലുൾപ്പെടുത്തിയിരുന്ന 52 കെട്ടിടങ്ങളിൽ മിക്കതും പൂർത്തിയായി. ഇതിനുപുറമെ മറ്റു ഫണ്ടുകൾ ഉപയോഗിച്ച് 15 കെട്ടിടങ്ങളുടെ നവീകരണം വേറെയും പൂർത്തിയാക്കിയിട്ടുണ്ട്.

ഒരു ജില്ലയിലെ ആധാരം ജില്ലക്കകത്ത് ഏത് രജിസ്ട്രാറാഫീസിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, രജിസ്‌ട്രേഷന് ഓൺലൈൻ ആയി തീയ്യതിയും സമയവും നിശ്ചയിക്കുന്നതിനുള്ള ഓൺലൈൻ ടോക്കൻ സമ്പ്രദായം, ഓൺലൈൻ ഗഹാൻ രജിസ്‌ട്രേഷൻ, പഴയ ആധാരങ്ങൾ ഡിജിറ്റൈസ് ചെയ്തതോടെ ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി എന്നിവ പൂർത്തികരിച്ചു. ബാധ്യതാ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി ലഭ്യമാക്കൽ, എന്നിവ ഏർപ്പെടുത്തി, പോക്കുവരവുകൾ എളുപ്പത്തിലാക്കുന്നതിന് റവന്യൂ – രജിസ്‌ട്രേഷൻ വകുപ്പുകളുടെ സോഫ്റ്റ്‌വെയറുകൾ പരസ്പരം ബന്ധിപ്പിച്ച് നടപടികൾ സുഗമമാക്കുകയും ചെയ്തു.

എന്റെ ഭൂമി എന്ന പുതിയ പോർട്ടൽ പരീക്ഷണടിസ്ഥാനത്തിൽ നടപ്പാക്കി വരുന്നു. ഇത് പ്രയോഗത്തിൽ വരുന്നതോടെ രജിസ്‌ട്രേഷൻ-റവന്യൂ-സർവ്വേ നടപടിക്രമങ്ങൾ ഒന്നിച്ചു പൂർത്തിയാക്കാൻ കഴിയും. ഭൂമി സംബന്ധിച്ച ആവശ്യങ്ങൾക്ക് ഒരാൾ പല ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം പൂർണ്ണമായും ഒഴിവാക്കും.

ആധാരങ്ങളിൽ ഡിജിറ്റൽ എൻഡോർസ്‌മെന്റ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു, വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പരിഷ്‌കരിക്കുന്നു. ഫോട്ടോ പതിച്ച വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ സംവിധാനം, ചിട്ടി ഓൺലൈൻ സംവിധാനം എന്നിവയും വകുപ്പ് ഒരുക്കുകയാണ്.

ഇത്തരത്തിൽ ആധുനിക വൽക്കരണത്തിന്റെ പ്രയോജനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കികൊണ്ട് നവകേരളത്തിൽ കാലത്തിനൊപ്പം രജിസ്‌ട്രേഷൻ വകുപ്പ് മുന്നേറുകയാണ്. മുഴുവൻ സബ്‌രജിസ്ട്രാറാഫീസിലും ജനകീയ സമിതികൾ രൂപികരിച്ചു.

മുഖ്യമന്ത്രി വിഭാവനം ചെയ്ത നവകേരള സൃഷ്ടിക്ക് ഉതകും വിധമുള്ള പുരോഗമനപരമായ മാറ്റങ്ങളാണ് രജിസ്‌ട്രേഷൻ വകുപ്പിലും നടപ്പാക്കിയിട്ടുള്ളത്. സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്ഥങ്ങളായ പരിപാടികൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരികയാണ്.

അതിന്റെ ഭാഗമായാണ് സുപ്രധാനമായ ഒരു ചുവടുവെപ്പിന് കൂടി ഇന്ന് തുടക്കം കുറിക്കുന്നത്. രജിസ്ട്രാർ ഓഫീസുകളിലെ മുഴുവൻ പണമിടപാടുകളും ഇ-പെയ്‌മെന്റ് സംവിധാനത്തിലേക്ക് മാറുകയാണ്. ഈ ഡിജിറ്റൽ യുഗത്തിൽ ഏറ്റവും കാലികമായ ഒരു പരിഷ്‌കാരമാണിത്. ഈ സൗകര്യം രജിസ്‌ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളെ കൂടുതൽ സുഗമവും സുതാര്യവുമാക്കുമെന്നും ഇത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നും പ്രതീക്ഷിക്കുകയാണ്.

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകൾ ഡിജിറ്റൽ പേയ്മെന്റ് ഓഫീസുകളായി മാറുന്നത് വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. പൂർണ്ണമായും കക്ഷികൾക്ക് ഫീസിനത്തിലുള്ള വലിയ തുകകൾ അക്കൗണ്ടുകളിൽ നിന്നും പിൻവലിച്ച് സബ്‌രജിസ്ട്രാർ ഓഫീസുകളിൽ നേരിട്ട് ഒടുക്കേണ്ട സാഹചര്യം ഒഴിവാകുകയും കൂടാതെ പണമിടപാടുകൾ സുതാര്യമാകുകയും, സൗകര്യപ്രദമാകുകയും ചെയ്യും. വലിയ തുകകൾ ഓഫീസുകളിൽ കൈകാര്യം ചെയ്യുന്നതും, ട്രഷറിയിൽ ഒടുക്കുന്നതുമായി ബന്ധപ്പെട്ട ഓഫീസുകളിലെ ബുദ്ധിമുട്ട് മാറുകയും, തുകകൾ ഓഫീസുകളിൽ സൂക്ഷിക്കുന്നതിൽ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരമാകുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ രജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷ് സ്വാഗതമാശംസിച്ചു. വാർഡ് കൗൺസലർമാരായ അംശുവാമദേവൻ, അജിത്ത് രവീന്ദ്രൻ, ആർ സുരകുമാരി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *