Your Image Description Your Image Description

ന്യൂഡല്‍ഹി: ചാരവൃത്തി കേസിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്രയുടെ വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്. പാക്ക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ഉദ്യോഗസ്ഥന്‍ അലി ഹസനുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് എൻഐഎ കണ്ടെടുത്തത്. പാക്കിസ്ഥാനിൽനിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ചാറ്റിൽ ജ്യോതി പറയുന്നു. പാക്കിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷിനെ ജ്യോതി വിവാഹം കഴിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ജ്യോതിയുടെ വാട്‌സാപ്പ് ചാറ്റുകൾ പുറത്തായത്.

‘‘ജോ (ജ്യോതി), നീ എപ്പോഴും സന്തോഷവതി ആയിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു. നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ, ജീവിതത്തിൽ ഒരിക്കലും നിരാശകൾ നേരിടേണ്ടി വരില്ല’’ – അലി ഹസൻ ജ്യോതിയ്ക്ക് ഹിന്ദിയിൽ അയച്ച സന്ദേശത്തിൽ പറയുന്നു. രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയാണ് ജ്യോതിയും അലി ഹസനും ഉപയോഗിച്ചിരുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വിവരവും ജ്യോതി പാക്കിസ്ഥാനു നൽകിയിട്ടുണ്ട്. ബംഗ്ലദേശ് സന്ദര്‍ശിക്കാൻ ജ്യോതി പദ്ധതിയിട്ടിരുന്നതായുള്ള രേഖകൾ അന്വേഷണസംഘം കണ്ടെത്തി. ബംഗ്ലദേശ് വീസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകളാണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഓപ്പറേഷൻ സിന്ദൂർ നടന്നുകൊണ്ടിരിക്കുമ്പോൾ ജ്യോതി ഡാനിഷുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വർഷം മാർച്ച് മുതൽ ഡാനിഷുമായി നടത്തിയ ചാറ്റുകൾ ജ്യോതി ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *