Your Image Description Your Image Description

ഗൂഡല്ലൂര്‍: നെലാക്കോട്ടയില്‍ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ റിമാന്‍ഡില്‍. നെലാക്കോട്ട കൂവച്ചോല വീരപ്പന്‍കോളനിയിലെ മുഹമ്മദിന്റെ ഭാര്യ മൈമൂന (55) കൊല്ലപ്പെട്ടത്.

സംഭവത്തിലാണ് മകന്‍ നജുമുദ്ദീന്റെ ഭാര്യ ഗൂഡല്ലൂര്‍ ഒന്‍പതാംമൈല്‍ സ്വദേശിനി ഖൈറുനിസ (38), ഖൈറുനിസയുടെ സഹോദരി ദേവര്‍ഷോല കൊട്ടമേടിലെ ഹസീന (29) എന്നിവര്‍ അറസ്റ്റിലായത്.

നെലാക്കോട്ട പോലീസ് തിങ്കളാഴ്ച രാത്രിയിലാണ് ഇരുവരെയും അറസ്റ്റുചെയ്തത്. ശനിയാഴ്ചയാണ് മൈമൂനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയില്‍ വീടിനുള്ളില്‍ അടുക്കളയില്‍ കണ്ടെത്തിയത്.

മയക്കുമരുന്നുകേസില്‍ കോയമ്പത്തൂര്‍ ജയിലിലായ സഹോദരി ഹസീനയുടെ ഭര്‍ത്താവ് നസീമുദ്ദീനെ ജാമ്യത്തിലിറക്കാന്‍ പണമാവശ്യപ്പെട്ട് ഖൈറുനിസ മൈമൂനയെ സമീപിച്ചിരുന്നു.

ശനിയാഴ്ച രാവിലെ വീരപ്പന്‍ കോളനിയിലെ മൈമൂനയുടെ വീട്ടിലെത്തിയ ഇരുവര്‍ക്കും പണംനല്‍കാന്‍ മൈമൂനയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന്, മാല ചോദിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഹസീനയും ഇതില്‍ പങ്കുചേരുകയും ഇരുവരും ചേര്‍ന്ന് മൈമൂനയെ ആക്രമിക്കുകയുമായിരുന്നു.

അടിയേറ്റുവീണ മൈമൂനയെ ഹസീന കുക്കറിന്റെ മൂടിയും ചിരവയും വടിയുമെടുത്ത് മുഖത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന്, ഇരുവരുംചേര്‍ന്ന് മൈമൂനയുടെ ആറുപവന്‍ വരുന്ന മാല കവര്‍ന്നു. ഭർത്താവ് മുഹമ്മദ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ അടുക്കളയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിക്കുന്നത്. പ്രദേശത്തെ നിരീക്ഷണക്യാമറകളുടെ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

മൈമൂനയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ ഇരുവരും പോലീസിന്റെ വലയിലാവുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതികള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതികളെ ജഡ്ജി പ്രഭാകര്‍ റിമാന്‍ഡ് ചെയ്ത് ജൂണ്‍ രണ്ടുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *