Your Image Description Your Image Description

കൊല്ലം : സൗജന്യസേവനങ്ങളുടെയും വിസ്മയകാഴ്ച്ചകളുടെയും വിപണിയുടെയും പുതുലോകം തുറന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള സമാപിച്ചു . 55000 ചതുരശ്ര അടി ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ 79000 ചതുരശ്ര അടിയില്‍ ഒരുക്കിയ പ്രദര്‍ശന നഗരി ജനപങ്കാളിത്തത്താല്‍ നിറഞ്ഞു. ഹൃദ്യമാര്‍ന്ന കലാപരിപാടികള്‍ സായാഹ്നങ്ങളെ സമ്പന്നമാക്കി. 156 തീം സ്റ്റാളുകളിലായി സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ കാഴ്ചാനുഭവങ്ങളും സൗജന്യസേവനങ്ങളും 96 കമേഴ്സ്യല്‍ സ്റ്റാളുകളിലൂടെ ന്യായവിലയ്ക്കുള്ള ഉത്പന്നനിരയും പ്രത്യേക തീം പവിലിയനുകളുടെ ആകര്‍ഷണീയതയും ഭക്ഷ്യമേളയുടെ രുചിഭേദങ്ങളും ആയിരങ്ങളാണ് നുകര്‍ന്നത്.

കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ കേരളം മാതൃകയാണ് പ്രദര്‍ശനം, ഉത്തരവാദിത്ത ടൂറിസം, കാരവന്‍ ടൂറിസം, കിഫ്ബി പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികള്‍, ഭക്ഷ്യമേള, പുസ്തകമേള, കായിക-വിനോദ-വിജ്ഞാന പരിപാടികള്‍, സ്റ്റാര്‍ട്ടപ്പ്മിഷന്‍ പ്രദര്‍ശനം, ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്‌പോര്‍ട്‌സ് പ്രദര്‍ശനം, മിനി തിയറ്റര്‍ ഷോ, ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കായികവിനോദ മേഖല, തല്‍സമയമത്സരങ്ങള്‍, ക്വിസ്, ഇതരആക്ടിവിറ്റി കോര്‍ണറുകള്‍, സെല്‍ഫി പോയിന്റുകള്‍ എന്നിവ മേളയുടെ ഭാഗമായി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ വഴി അതിവേഗ സേവനവും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കി. മണ്ണ് സംരക്ഷണ വകുപ്പ്, ജല വിഭവ വകുപ്പ്, ഹരിതകേരളം മിഷന്‍ തുടങ്ങിയവ മണ്ണും ജലവും പരിശോധിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സ്റ്റാളില്‍ മൂവായിരത്തിലധികം പേര്‍ ബി.പി, പ്രമേഹം, എച്ച്.ബി പരിശോധനകള്‍ നടത്തി. 1250 പേര്‍ക്ക് യു.എച്ച്.ഐ.ഡി കാര്‍ഡും പുതുതായി നല്‍കി. ആയുഷ്, ഹോമിയോ സ്റ്റോളുകളില്‍ ആരോഗ്യപരിശോധന നടത്തിയവരും അനവധി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ബൂത്തും സജ്ജമായിരുന്നു. ജി എസ് ടി വകുപ്പ് ഏര്‍പ്പെടുത്തിയ ലക്കി ഡ്രോ ഹിറ്റായി, നികുതി വിവരങ്ങളുടെ അറിവും പകര്‍ന്നു.

സംരംഭകര്‍ക്ക് വേണ്ട ലൈസന്‍സുകള്‍, വ്യവസായ അനുമതികള്‍, കെ സ്വിഫ്റ്റ്, ഉദ്യം രജിസ്‌ട്രേഷന്‍, വന്‍ വിലക്കിഴിവോടെ സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍, കണ്‍സ്യൂമര്‍ഫെഡിന്റെ സ്‌കൂള്‍ ബസാര്‍, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫ്രീ ഇന്റര്‍നെറ്റ്, മോഡം കണക്ഷനുകള്‍, ലാന്‍ഡ് റവന്യൂ വകുപ്പ് കരം അടയ്ക്കാനുള്ള അവസരം, തുല്യതാ കോഴ്സ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ സൗജന്യമായിരുന്നു.

ജയില്‍ വകുപ്പ് ഒരുക്കിയ ജില്ലാ ജയില്‍ മാതൃക കാണാനും വി.ആര്‍ മുഖേന വധശിക്ഷ നടപ്പാക്കുന്ന രീതി അനുഭവിച്ചറിയാനും തിരക്കേറിയിരുന്നു. പോലീസിന്റെ കസബ ജയില്‍ മാതൃകയും വൈക്കം മുഹമദ് ബഷീറിന്റെ മകന്‍ അനീസിന്റെ സന്ദര്‍ശനവും വേറിട്ടതായി.
ആയുധപ്രദര്‍ശനം, അഗ്‌നിരക്ഷാസേനയുടെ സിപിആര്‍ ഉള്‍പ്പടെയുള്ള പ്രഥമ ശുശ്രുഷ, സുരക്ഷ പാഠങ്ങള്‍, രക്ഷാപ്രവര്‍ത്തന രീതികള്‍, ബര്‍മ പാലം മാതൃക എന്നിവയും പുതുമയായി. എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്ക്കരണം, കിഫ്ബിയുടെ വികസന പ്രദര്‍ശനം എന്നിവയുമുണ്ടായിരുന്നു. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്, കുടില്‍വ്യവസായ മാതൃക, വെര്‍ച്വല്‍ ബീച്ച്, പി ആര്‍ ഡിയുടെ പവലിയനിലെ 360 ഡിഗ്രി സെല്‍ഫി കോര്‍ണറും കൗതുകമായി.

ഐ ടി മിഷന്റെ സൗജന്യ ആധാര്‍ അപ്ഡേഷന്‍ നടത്തിയത് 1500 ലധികം പേരാണ്. കെ.എസ്.ഇ.ബി ഒരുക്കിയ ഇടുക്കി ഡാം, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് വിവിധ പദ്ധതികളുടെ മാതൃകകളും ആകര്‍ഷകമായി.ജില്ലാ വ്യവസായ കേന്ദ്രം മുഖേന രജിസ്റ്റര്‍ ചെയ്ത എം.എസ്.എം.ഇ സംരംഭകര്‍, കുടുംബശ്രീ, സഹകരണം തുടങ്ങി വകുപ്പുകള്‍ക്ക് കീഴിലെ സംരംഭകര്‍ ഉള്‍പ്പെടെ ഒരുക്കിയ വിപണന സ്റ്റാളിലും കുടുംബശ്രീ, സാഫ്, ഫ്രീഡം ഫുഡ് കോര്‍ട്ട് (ജയില്‍ വകുപ്പ്) എന്നിവ പങ്കെടുത്ത ഭക്ഷ്യമേളയിലുമായി ഏകദേശം 40 ലക്ഷം രൂപയുടെ വില്പനയാണ് നടന്നത്.

കൃഷി, ആരോഗ്യം, മൃഗസംരക്ഷണം, ക്ഷീരവികസനം, എക്‌സൈസ്, ആയുഷ് എന്നിവയൊരുക്കിയ സെമിനാറുകളും ശ്രദ്ധേയമായി. വിദ്യാഭ്്യാസം, വനിത ശിശുവികസന വകുപ്പ്, വാട്ടര്‍ അതോറിറ്റി ഒരുക്കിയ കലാപ്രകടനങ്ങളും മികവേറി. കായിക പവിലിയന്‍, അമ്യൂസ്മെന്റ് ഏരിയ, ക്വിസ് മത്സരങ്ങള്‍, സെല്‍ഫി കോര്‍ണറുകള്‍, വിവിധ ഗെയിമുകള്‍ എന്നിവ കുട്ടികളുടെ പ്രിയപ്പെട്ടതായി. കുടുംബശ്രീ കലാസംഘം മുതല്‍ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായി അല്‍ഫോന്‍സ് ജോസഫും വിവിധ മ്യൂസിക് ബാന്‍ഡും വരെ നീണ്ട കലാപരിപാടികള്‍ നഗരരാത്രികളെ ആഘോഷമാക്കി. സ്‌കൂള്‍, കോളജ് വിദ്യര്‍ഥികള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണവും ശ്രദ്ധേയമായി.

 

Leave a Reply

Your email address will not be published. Required fields are marked *