Your Image Description Your Image Description

സുല്‍ത്താന്‍പുര്‍ (യുപി): സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റികൊണ്ട് പോയി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 15-കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിൽ. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം വഴിയില്‍ കാറുമായി കാത്തിരുന്ന 15 വയസുകാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ പ്രദീപ് (18), സൗരഭ് (18) എന്നീ മറ്റ് പ്രതികളും വാഹനത്തില്‍ കയറി. ശേഷം ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ദളിത് വിഭാഗത്തിൽപെടുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടി ആദ്യം സംഭവം തന്റെ അമ്മായിയെ അറിയിക്കുകയായിരുന്നു. ഇവര്‍ മറ്റ് കുടുംബാംഗങ്ങളെയും അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരേ ബിഎന്‍എസ്, പോക്‌സോ നിയമം, പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നിവയുടെ സെക്ഷന്‍ 115 (2) (പരിക്കേല്‍പ്പിക്കല്‍), 352 (സമാധാനം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വമായ അപമാനം), 70(1) (കൂട്ടബലാത്സംഗം), 110 (കുറ്റകരമായ കൊലപാതക ശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *