Your Image Description Your Image Description

തിയറ്ററില്‍ വലിയ രീതിയില്‍ ജനപ്രീതി നേടുന്ന ചില ചിത്രങ്ങള്‍ എങ്കിലും ഒടിടിയില്‍ അത്ര അഭിപ്രായം നേടാതെ പോകാറുണ്ട്. തിരിച്ചും സംഭവിക്കാറുണ്ട്. ഇപ്പോഴിതാ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയിട്ടും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ഒരു ചിത്രം ഒടിടിയില്‍ മികച്ച അഭിപ്രായം നേടുകയാണ്. മികച്ച അഭിപ്രായം മാത്രമല്ല അവിടെ ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട് ചിത്രം. വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഔസേപ്പിന്‍റെ ഒസ്യത്ത് എന്ന ചിത്രമാണ് ഒടിടി സ്ട്രീമിംഗില്‍ തരംഗം തീര്‍ക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ നിലവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 7 ആണ് ചിത്രം. മനോരമ മാക്സ്, സിംപ്ലി സൗത്ത് (ഇന്ത്യയ്ക്ക് പുറത്ത്) എന്നീ പ്ലാറ്റ്‍ഫോമുകളിലും ചിത്രം ഒരേസമയം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മാര്‍ച്ച് 7 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. രണ്ട് മാസത്തിനിപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രമായാണ് വിജയരാഘവന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പരസ്യ ചിത്രങ്ങളിലൂടെ നേരത്തേ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ശരത്ചന്ദ്രന്‍. മലമുകളിൽ കാടിനോടും മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്ന് വിളയിച്ചും പണം പലിശയ്ക്ക് കൊടുത്തും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്. മൂന്ന് ആൺമക്കളാണ് അയാള്‍ക്ക്. മൂത്ത രണ്ടു പേരും ഉന്നത പദവികളിൽ. മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാത്തിന്‍റെയും നിയന്ത്രണം ഔസേപ്പിന്‍റെ കൈകളിൽത്തന്നെയാണ്. ഈ കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില അന്തർ നാടകങ്ങൾ അരങ്ങേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *