Your Image Description Your Image Description

സുല്‍ത്താന്‍ബത്തേരി: കെഎസ്ആർടിസി സ്‌കാനിയ ബസിടിച്ച് മാന് ചത്ത സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ബസ് ഇനിയും വിട്ടു നൽകിയില്ല. കോടതി നിര്‍ദേശപ്രകാരം 13 ലക്ഷം രൂപ കെഎസ്ആര്‍ടിസി കോടതിയില്‍ കെട്ടിവെച്ചതിനെത്തുടര്‍ന്ന് ബസ് വിട്ടുനല്‍കാന്‍ തിങ്കളാഴ്ച ബത്തേരി ജെഎഫ്സിഎം കോടതി ഉത്തരവായിരുന്നു. എന്നാൽ, ബസിന്റെ രേഖകള്‍ നല്‍കിയതിലുള്ള പിഴവും നടപടിക്രമങ്ങള്‍ പൂർത്തിയാകാത്തതും കാരണം പറഞ്ഞ് ബുധനാഴ്ചയും ബസ് വിട്ടു നൽകിയില്ല. മൂന്നാഴ്ചയിലേറെയായി ബസ് ബത്തേരിയില്‍ വനംവകുപ്പിന്റെ ആര്‍ആര്‍ടി റെയ്ഞ്ച് ഓഫീസ് വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബസിന്റെ സാക്ഷ്യപ്പെടുത്തിയ ചിത്രങ്ങള്‍ സഹിതം കോടതിയില്‍ ഹാജരാക്കി വാഹനം കസ്റ്റഡിയില്‍ നിന്ന് കൊണ്ടുപോകാമെന്നായിരുന്നു നിര്‍ദേശം.

ചൊവ്വാഴ്ച രേഖകള്‍ നല്‍കിയെങ്കിലും സാക്ഷികളെ ഹാജരാക്കുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ല. കെഎസ്ആര്‍ടിസി അധികൃതര്‍ ബുധനാഴ്ച വൈകീട്ടോടെ കോടതിയിലെത്തിയെങ്കിലും ബസ് വിട്ടുനല്‍കാനുള്ള രേഖ കൈപ്പറ്റാനായില്ല. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി വ്യാഴാഴ്ച ബസ് കസ്റ്റഡിയില്‍ നിന്ന് വാങ്ങുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. മാനിനെ ഇടിച്ചതിനെത്തുടര്‍ന്ന് മുന്‍പിലെ ബമ്പര്‍ തകര്‍ന്നിട്ടുണ്ട്. ബസിലെ കരുതല്‍ച്ചക്രത്തിനും കേടുപറ്റിയിരുന്നു. ഇവ പരിഹരിച്ച് വൈകാതെ ബസ് നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് 24 ദിവസമായ ദീര്‍ഘദൂര അന്തസ്സംസ്ഥാന ബസ് വിട്ടുനല്‍കാന്‍ കഴിഞ്ഞ ദിവസമാണ് ബത്തേരി ജെഎഫ്‌സിഎം കോടതിയാണ് ഉത്തരവിട്ടത്.

തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കുള്ള സര്‍വീസാണിത്. ഏപ്രില്‍ 19-ന് രാവിലെയാണ് മുത്തങ്ങക്കടുത്ത് എടത്തറയില്‍ റോഡ് മുറിച്ചുകടക്കുന്ന പുള്ളിമാനിനെ സ്‌കാനിയ ബസ്സിടിച്ചത്. ലോഫ്ളോര്‍ ബസായതിനാല്‍ മാന്‍ അടിയില്‍ക്കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമത്തില്‍ നായാട്ടിനുള്ള സെക്ഷന്‍ പ്രകാരം ഡ്രൈവറുടെ പേരില്‍ വനംവകുപ്പ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തില്‍ കുറിച്യാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വാഹനം വിട്ടുനല്‍കിയശേഷം കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *