Your Image Description Your Image Description
Your Image Alt Text

ഹരിതകര്‍മ്മസേനയ്ക്ക് ശാസ്ത്രീയവും സാങ്കേതികവുമായ അറിവ് നല്‍കി കര്‍മ്മശേഷി മെച്ചപ്പെടുത്തുക, തൊഴില്‍ സുരക്ഷയും വരുമാനവും ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കായി രണ്ടാംഘട്ട ത്രിദിന കപ്പാസിറ്റി ബില്‍ഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു.

തൃത്താല, കൊല്ലങ്കോട് ബ്ലോക്കുകളിലാണ് പരിശീലനം. അജൈവ മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, ഷെഡ്ഡിങ്, ബെയിലിങ്, എം.ആര്‍.എഫ്/എം.സി.എഫ് പരിപാലനം, ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സ്ഥാപിക്കല്‍, പരിപാലനം, കമ്പോസ്റ്റിങ്, ഗ്രീന്‍ പ്രോട്ടോകോള്‍ സംരംഭകത്വം എന്നിവ നടപ്പാക്കുന്നതിനാവശ്യമായ ശേഷി വികസിപ്പിക്കുക, വ്യക്തിത്വ വികസനം, ഗ്രൂപ്പായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത, ശുചിത്വ ആരോഗ്യ മേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്വയം സംരംഭങ്ങളുടെ നടത്തിപ്പിനാവശ്യമായ കാര്യശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.

ജനുവരി നാലിന് തൃത്താല, അട്ടപ്പാടി ബ്ലോക്കുകളില്‍ ഒന്നാംഘട്ട പരിശീലനം നടത്തിയിരുന്നു. ഇതുവരെ ജില്ലയില്‍ 153 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. ജില്ലയില്‍ ഫെബ്രുവരി 24 വരെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളിലായി പരിശീലനം നല്‍കുന്നുണ്ട്. തൃത്താല ബ്ലോക്ക് ഹരിത കര്‍മ്മ സേന ത്രിദിന കപ്പാസിറ്റി ബില്‍ഡിങ് പ്രോഗ്രാം രണ്ടാംഘട്ടം ചാലിശ്ശേരി സി.ഡി.എസ് ഹാളിലും തൃത്താല ഗ്രാമപഞ്ചായത്ത് ഹാളിലും ആരംഭിച്ചു.

ചാലിശ്ശേരിയില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആനി വിനു അധ്യക്ഷയായി. നാഗലശ്ശേരി, തിരുമിറ്റക്കോട്, ചാലിശ്ശേരി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. തൃത്താല ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ അധ്യക്ഷയായി. ആനക്കര, കപ്പൂര്‍, തൃത്താല, പട്ടിത്തറ ഹരിതകര്‍മ്മ സേനകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

കൊല്ലങ്കോട് ബ്ലോക്ക് ഹരിത കര്‍മ്മ സേന ത്രിദിന കപ്പാസിറ്റി ബില്‍ഡിങ് പ്രോഗ്രാം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ചു. വടവന്നൂര്‍, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *