Your Image Description Your Image Description

ന്ത്യ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച അസര്‍ബൈജാനും തുര്‍ക്കിയ്ക്കും തിരിച്ചടി. ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ റദ്ദാക്കി. ഇരു രാജ്യങ്ങളിലേക്കുമുള്ള എല്ലാ ഫ്‌ളൈറ്റ് – ഹോട്ടല്‍ ബുക്കിംഗുകളും നിര്‍ത്തിവെച്ചതായി ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്ഫോമായ ഈസ്‌മൈട്രിപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, കമ്പനിയുടെ സഹസ്ഥാപകനായ പ്രശാന്ത് പിറ്റിയാണ് ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ വന്‍തോതില്‍ റദ്ദാക്കുന്നതായി ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

തുർക്കിയിലേക്കുള്ള യാത്ര ബുക്ക് ചെയ്തവരിൽ ഏകദേശം 22 ശതമാനം പേരും, അസർബൈജാനിലേക്കുള്ള യാത്ര ബുക്ക് ചെയ്തവരിൽ 30 ശതമാനത്തിന് മുകളിൽ പേരും യാത്രകൾ റദ്ദാക്കിയിരിക്കുന്നതായാണ് വിവരം. കഴിഞ്ഞ വർഷം 3.8 ലക്ഷം ഇന്ത്യക്കാരാണ് ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതെന്നാണ് റിപ്പോർട്ട്. ഓരോ യാത്രക്കാരനിൽ നിന്ന് 60,000-70,000 രൂപ കണക്കാക്കുമ്പോൾ ഏകദേശം 2,500 മുതൽ 3,000 കോടി രൂപയാണ് ഈ രാജ്യങ്ങളിൽ ഇന്ത്യക്കാർ ചെലവഴിച്ചിരുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴുകയും ഇരുരാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയേയും പാകിസ്ഥാനെയും പിന്തുണച്ചുകൊണ്ട് വിവിധ രാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു. ഈ സമയത്താണ് പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തുര്‍ക്കി മുന്നോട്ടുവന്നത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് പിന്തുണ നൽകുന്നതിലൂടെ തുര്‍ക്കിയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ വാദങ്ങളും ഉയർന്ന് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *