Your Image Description Your Image Description

ഡല്‍ഹി: ഐപിഎല്‍ പുനരാരംഭിക്കാനിരിക്കേ താരങ്ങള്‍ നേരത്തേ നിശ്ചയിച്ചപ്രകാരം തന്നെ മടങ്ങണമെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്ക. താരങ്ങള്‍ മെയ് 26-ന് തന്നെ തിരിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഷുക്രി കൊണ്‍റാഡ് ആണ് വ്യക്തമാക്കിയത്. കൂടാതെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെയ് 17-നാണ് ഐപിഎല്‍ പുനരാരംഭിക്കുന്നത്. ഐപിഎല്ലും ബിസിസിഐയുമായും ഉണ്ടായിരുന്ന ധാരണ മെയ് 26 ന് താരങ്ങള്‍ മടങ്ങണമെന്നുള്ളതായിരുന്നു. കാരണം ഫൈനല്‍ 25-ാം തീയ്യതിയാണ്. ഞങ്ങള്‍ 30 ന് പുറപ്പെടുന്നതിനാല്‍ അവര്‍ക്ക് സമയം കിട്ടുമായിരുന്നു. ഇതുവരെ ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. – ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ പറഞ്ഞു.

ചര്‍ച്ചകള്‍ നടക്കുകയാണെന്നും താരങ്ങള്‍ മെയ് 26 ന് തന്നെ തിരിച്ചെത്തണമെന്നും അദ്ദേഹം പ്രതികരിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറും സിഇഒയുമെല്ലാം ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നുണ്ട്. നിലവില്‍ ഇതില്‍ നിന്ന് പിന്മാറുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്ക് താരങ്ങള്‍ മെയ് 26 ന് തന്നെ തിരിച്ചുവരേണ്ടതുണ്ട്. – കൊണ്‍റാഡ് വ്യക്തമാക്കി.

അതേസമയം ഐപിഎൽ കളിക്കാൻ ഇന്ത്യയിലേക്ക് തിരിച്ച് പോകുന്നകാര്യം കളിക്കാർക്ക് തീരുമാനിക്കാമെന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർ‍ഡിന്റെ നിലപാട്. കളി നിർത്തിവെച്ചതോടെ വിദേശതാരങ്ങളിലേറെയും നാട്ടിലേക്ക് മടങ്ങിയിരുന്നു. മേയ് 31-നകം ഐപിഎൽ തീരും എന്ന കണക്കുകൂട്ടലിലാണ് മറ്റുരാജ്യങ്ങൾ അവരുടെ രാജ്യാന്തരമത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 11-ന് ലോർഡ്സിൽ തുടങ്ങും. ഇവിടെ നിന്നുള്ള ഒട്ടേറെ കളിക്കാർ ഐപിഎല്ലിലുണ്ട്. ജൂൺ മൂന്നിന് നടക്കുന്ന ഫൈനൽ വരെ ഇന്ത്യയിൽ തങ്ങേണ്ടി വന്നാൽ അവരുടെ തയ്യാറെടുപ്പുകളെ ബാധിക്കും.

സുരക്ഷാ ഏജന്‍സികളുമായും സര്‍ക്കാരുമായും നടത്തിയ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം മേയ് 17-ാം തീയതി മത്സരങ്ങള്‍ പുനരാരംഭിക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഒമ്പതാം തീയതിയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്ചത്തേക്കായി നിര്‍ത്തിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *