Your Image Description Your Image Description

ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഫ്രാൻഞ്ചൈസ് ആണ് ടോം ക്രൂസ് നായകനായ ‘മിഷൻ ഇമ്പോസിബിൾ’. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിലെ എട്ടാമത്തെ സിനിമയും ‘മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി’ന്റെ തുടർച്ചയുമായ ‘മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്’ റിലീസിന് തയ്യാറെടുക്കുമായാണ്. മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ബുക്കിംഗ് തുടങ്ങി ഇതുവരെ പിവിആർ, സിനിപോളിസ് തുടങ്ങിയ മൾട്ടിപ്ളെക്സുകളിൽ നിന്ന് 38,500 ടിക്കറ്റുകളാണ് സിനിമ വിറ്റത്. ഇതിൽ പിവിആറിൽ നിന്ന് 30,000 ടിക്കറ്റും സിനിപോളിസിൽ നിന്ന് 8,500 ടിക്കറ്റുമാണ് വിറ്റത്. ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്നുമാത്രം 20 കോടിയോളം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വൺ ഇന്ത്യയിൽ നിന്ന് ആദ്യ ദിവസം 15 കോടി സ്വന്തമാക്കിയിരുന്നു. 131 കോടിയായിരുന്നു ഈ ഭാഗത്തിന്റെ ഇന്ത്യയിലെ ഫൈനൽ കളക്ഷൻ. പുതിയ ചിത്രം ഇതിനെയും മറികടക്കുമെന്നാണ് റിപ്പോർട്ട്.

റിപ്പോർട്ടുകൾ പ്രകാരം രണ്ട് മണിക്കൂർ 49 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. മെയ് 23 ന് ആഗോള തലത്തിൽ റിലീസിനൊരുങ്ങുന്ന സിനിമ ഇന്ത്യയിൽ ഒരാഴ്ച മുൻപേ പുറത്തിറങ്ങും. മെയ് 17 ന് മിഷൻ ഇമ്പോസിബിൾ ഇന്ത്യയിൽ പ്രദർശനത്തിനെത്തും. സിനിമയുടെ നിർമാതാക്കളായ പാരമൗണ്ട് പിക്ചേഴ്സ് തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്.

മിഷൻ ഇമ്പോസിബിൾ’ സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. 1996 ലാണ് ആദ്യത്തെ ‘മിഷൻ ഇമ്പോസിബിൾ’ ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *